നഴ്സുമാരെ ലൈംഗികാതിക്രമത്തിന് ഇരയാക്കി, വസ്ത്രമുരിഞ്ഞു; പുറത്തുവരുന്നത് ഇസ്രായേൽ സേനയുടെ കൊടുംക്രൂരകൃത്യങ്ങൾ -VIDEO

ഗസ്സ: അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളെ​യ​ട​ക്കം ഒഴിപ്പിച്ച് തീയിട്ട് നശിപ്പിച്ച ഗസ്സയിലെ ക​മാ​ൽ അ​ദ്‍വാ​ൻ ആശുപത്രിയിൽ ഇസ്രായേൽ സേന നടത്തിയത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ. കടുത്ത ദുരിതങ്ങൾക്കിടയിലും രോഗികളെ പരിചരിക്കാൻ സ്വയം സമർപ്പിച്ച നഴ്സുമാരെയും ഡോക്ടർമാരെയും ക്രൂരമായ ആക്രമണത്തിനും ലൈംഗികപീഡനത്തിനും ഇരയാക്കിയതായി ജനീവ ആസ്ഥാനമായുള്ള അന്താരാഷ്ട മനുഷ്യാവകാശ പ്രസ്ഥാനമായ യൂറോ-മെഡ് മോണിറ്റർ റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽ ജീവനക്കാരടക്കമുള്ളവരെ സൈന്യം പരസ്യമായി വെടിവെച്ചുകൊന്നതായും തട്ടിക്കൊണ്ടുപോയ ക​മാ​ൽ അ​ദ്‍വാ​ൻ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഡോ. ​ഹു​സ്സാം അ​ബൂ സാ​ഫി​യ അടക്കമുള്ളവരെ കുറിച്ച് ഇപ്പോഴും വിവരമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. സ്ത്രീക​ളുടെ വസ്ത്രമുരിയുകയും ദേഹത്ത് ബലപ്രയോഗത്തിലൂടെ സ്പർശിക്കുകയും ചെയ്തു.

ഏറെനാളായി ഇസ്രായേൽ അധിനിവേശ സേന നിരന്തരം ആക്രമണം അഴിച്ചുവിട്ട ഉ​ത്ത​ര ഗ​സ്സ​യി​ലെ അ​വ​ശേ​ഷി​ക്കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട ഏ​ക ആ​ശു​പ​ത്രി​യാ​യ ക​മാ​ൽ അ​ദ്‍വാ​നി​ൽ വെള്ളിയാഴ്ചയാണ് സർവവും ന​ശിപ്പിച്ച് അഴിഞ്ഞാടിയത്. രോ​ഗി​ക​ളെയും ജീ​വ​ന​ക്കാ​രെയുമടക്കം ക്രൂരമായി മർദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ ലൈംഗികവും ശാരീരികവുമായ ആക്രമണങ്ങൾ നടത്തിയതിന് തങ്ങൾ ദൃക്സാക്ഷികളായതായി സൈന്യത്തി​ന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടവർ യൂറോ-മെഡ് മോണിറ്ററിന് മൊഴി നൽകി.

ആശുപത്രിയിലുണ്ടായിരുന്ന സ്ത്രീകളെയും പെൺകുട്ടികളെയും ഇസ്രായേൽ സൈനികർ ഭീഷണികൾക്കും അധിക്ഷേപങ്ങൾക്കും നിന്ദ്യമായ ശാരീരികോപദ്രവത്തിനും വിധേയരാക്കിയതായി യൂറോ-മെഡ് മോണിറ്റർ പറഞ്ഞു. നിരവധി പേർ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. “ഒരു നഴ്സിന്റെ വസ്ത്രം ഇസ്രായേൽ പട്ടാളക്കാരൻ ബലം പ്രയോഗിച്ച് അഴിപ്പിച്ചു. എന്നിട്ട് അവരുടെ സ്വകാര്യഭാഗത്ത് സ്പർശിക്കാൻ ശ്രമിച്ചു. ഇത് തടയാൻ അവർ ശ്രമിച്ചപ്പോൾ മുഖത്ത് ശക്തമായി അടിച്ചു. അവരുടെ മൂക്കിൽ നിന്ന് രക്തം വന്നു’ -ദൃക്സാക്ഷിയായ സ്ത്രീ യൂറോ മെഡ് ഫീൽഡ് ടീമിനോട് പറഞ്ഞു. പലരുടെയും വസ്ത്രങ്ങൾ ഉരിഞ്ഞുമാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു.

മാനസിക വിഭ്രാന്തിയുള്ള കുട്ടിയെ അടക്കം ഇസ്രായേൽ സൈന്യം വെടിവച്ചു കൊന്നതായി 44 കാരനായ പാരാമെഡിക്കൽ സ്റ്റാഫ് മൊഴി നൽകി. “ഞങ്ങളുടെ കൂട്ടത്തിൽനിന്ന് പരിക്കേറ്റ അഞ്ച് പേരെ യുദ്ധടാങ്കിന് മുന്നിൽ നടക്കാൻ നിർബന്ധിച്ചു. പെട്ടെന്ന് അവരെ അഞ്ചു​പേരെയും വെടിവെച്ചു കൊന്നു’ -അദ്ദേഹം പറഞ്ഞു.

അതിനിടെ, അധിനിവേശ സേന അജ്ഞാത കേന്ദ്രത്തിലേക്ക് തട്ടിക്കൊണ്ടുപോയ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഡോ. ​ഹു​സ്സാം അ​ബൂ സാ​ഫി​യ​​ എവിടെയാണെന്ന് ആർക്കുമറിയില്ല. ഇദ്ദേഹമടക്കം നി​ര​വ​ധി ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ​ സേ​ന ബ​ലം​പ്ര​യോ​ഗി​ച്ച് ത​ട​ങ്ക​ൽ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി. വെ​ള്ളി​യാ​ഴ്ച രാ​ത്രി ആ​ശു​പ​ത്രി ഒ​ഴി​പ്പി​ച്ച് സ​ർ​ജ​റി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് തീ​വെ​ച്ച ശേ​ഷ​മാ​യി​രു​ന്നു ഇവരെ തട്ടിക്കൊണ്ടുപോയത്. ആ​ശു​പ​ത്രി​ക്കു നേ​രെ​യു​ള്ള ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് മെ​ഡി​ക്ക​ൽ സ്റ്റാ​ഫ് അ​ട​ക്കം 50 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഡോ. ​ഹു​സ്സാം ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. അവസാന ശ്വാസം വരെയും ആശുപത്രിയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഗസ്സയിൽ 451 ദിവസമായി തുടരുന്ന നരനായാട്ടിൽ 45,500 പേരെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. 1,08,090ലേറെ പേർക്ക് പരിക്കേറ്റു. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം കണക്കാക്കാൻ പോലുമായിട്ടില്ല. ഇതുവരെ 20 ലക്ഷം ആളുകൾ പലായനം ചെയ്തു. 135 സ്കൂളുകളും സർവകലാശാലകളും പൂർണമായി നശിപ്പിച്ചു. 353 സ്കൂളുകളും സർവകലാശാലകളും ഭാഗികമായും നശിപ്പിച്ചു. 756 അധ്യാപകരെയും വിദ്യാഭ്യാസ ജീവനക്കാരെയും കൊലപ്പെടുത്തി. 148 അക്കാദമിക് വിദഗ്ധരെയും യൂണിവേഴ്സിറ്റി പ്രഫസർമാരെയും ഗവേഷകരെയും കൊലപ്പെടുത്തി.

823 പള്ളികൾ പൂർണമായി നശിപ്പിച്ചു. 158 പള്ളികൾക്ക് സാരമായ കേടുവരുത്തി. മൂന്ന് ക്രിസ്ത്യൻ പള്ളികൾ തകർത്തു. 60 ശ്മശാനങ്ങൾ പൂർണ്ണമായോ ഭാഗികമായോ നശിപ്പിച്ചു. ശ്മശാനത്തിൽ നിന്ന് 2,300 മൃതദേഹങ്ങൾമോഷ്ടിച്ചു. 1,61,600 വീടുകൾ തകർത്തു. 82,000 വീടുകൾ വാസയോഗ്യമല്ലാതാക്കി. 34 ആശുപത്രികൾ തകർത്തു. 80 ആരോഗ്യ കേന്ദ്രങ്ങൾ പൂട്ടിച്ചു.

Tags:    
News Summary - Rights group accuses Israeli forces of field killings, sexual abuse at Kamal Adwan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.