കിയവ്: യുക്രെയ്നുമായി യുദ്ധത്തിനില്ലെന്ന് ആവർത്തിക്കുമ്പോഴും സമീപ പ്രദേശങ്ങളിൽ റഷ്യ സൈനിക സന്നാഹം വർധിപ്പിച്ചതിന്റെ ഉപഗ്രഹദൃശ്യങ്ങൾ പുറത്ത്. ബെലറൂസ്, ക്രീമിയ, പടിഞ്ഞാറൻ റഷ്യ എന്നിവിടങ്ങളിലെ സൈനിക വിന്യാസത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
യു.എസ് സ്വകാര്യ കമ്പനിയായ മാക്സർ ടെക്നോളജീസാണ് ദൃശ്യങ്ങൾ പകർത്തിയത്. റഷ്യയുടെ സൈനിക വിന്യാസം നിരീക്ഷിച്ചു വരുകയാണ് മാക്സർ. ഈ മാസം 10ന് പകർത്തിയ ദൃശ്യങ്ങളിൽ ഒക്ത്യാബ്രിസ്കോയെ വ്യോമതാവളത്തിലെ സൈനികരടക്കമുള്ള സന്നാഹത്തിന്റെ ദൃശ്യങ്ങൾ കാണാം. വടക്കൻ സിംഫെറോപോളിന് വടക്കുള്ള ഉപേക്ഷിക്കപ്പെട്ട ഈ വ്യോമതാവളത്തിൽ 550ലേറെ സൈനികകൂടാരങ്ങളും നൂറുകണക്കിന് വാഹനങ്ങളും പുതുതായി എത്തിച്ചിട്ടുണ്ട്.
ദൊനുസ്ലാവ് തടാകത്തിന്റെ തീരത്തുള്ള നൊവോസെർനോയിക്ക് സമീപത്തും സമാനമായി കൂടുതൽ സൈനികരെയും യുദ്ധസാമഗ്രികളും എത്തിച്ചിട്ടുണ്ട്. ഇവിടെ പീരങ്കിപ്പടയും ക്യാമ്പ് ചെയ്യുന്നുണ്ട്. ക്രീമിയൻ ഉപദ്വീപിന്റെ വടക്കുപടിഞ്ഞാറൻ തീരത്തെ സ്‍ലാവ്നെ നഗരത്തിന് സമീപത്തും സൈനിക വിന്യാസമുണ്ട്. മുൻ സോവിയറ്റ് രാജ്യമായ ബെലറൂസിൽ സംയുക്ത സൈനിക അഭ്യാസങ്ങളും കരിങ്കടൽ മേഖലയിൽ നാവികാഭ്യാസവും റഷ്യ നടത്തുന്നുണ്ട്. ഏതുസമയത്തും ആക്രമണം നടത്താൻ റഷ്യ തയാറെടുത്തതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തൽ.
കിയവ്: യുദ്ധമുണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, യുക്രെയ്നിലേക്കുള്ള വിമാനസർവിസുകൾ നിർത്തിവെച്ച് വിമാനക്കമ്പനികൾ. ഡച്ച് വിമാനക്കമ്പനിയായ കെ.എൽ.എം യുക്രെയ്നിലേക്കുള്ള വിമാനസർവിസ് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചു. 2014ൽ മലേഷ്യൻ വിമാനം റഷ്യൻ പിന്തുണയുള്ള വിമതർ വെടിവെച്ചുവീഴ്ത്തിയതോടെ യുക്രെയ്ൻ വ്യോമപാത ഏറ്റവും അപകടംപിടിച്ച ഒന്നായാണ് നെതർലൻഡ്സ് കണക്കാക്കുന്നത്.
അപകടത്തിൽ മരിച്ച 298 പേരിൽ 198ഉം ഡച്ച് പൗരന്മാരായിരുന്നു. പോർചുഗലിലെ മദൈറയിൽനിന്ന് കിയവിലേക്കുള്ള വിമാനങ്ങൾ മൾഡോവ തലസ്ഥാനമായ കിശിനൗവിലേക്ക് തിരിച്ചുവിട്ടതായി യുക്രെയ്ൻ ചാർട്ടർ വിമാനക്കമ്പനിയായ സ്കൈഅപ് അറിയിച്ചു. യുക്രെയ്ൻ വ്യോമപാതയിലൂടെയുള്ള വിമാനങ്ങൾക്ക് ചില കമ്പനികൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.