യുക്രെയിന് റഷ്യയുടെ 'ഇരുട്ടടി'; വർഷിച്ചത് 93 ക്രൂയിസ് മിസൈലുകളും 200 ലേറെ ഡ്രോണുകളും, പവർ സബ്‌സ്റ്റേഷനുകൾ തരിപ്പണം

കിയവ്: യുക്രെയ്ന്റെ വൈദ്യുത മേഖല ലക്ഷ്യമിട്ട് വൻ മിസൈൽ ആക്രമണം നടത്തി റഷ്യ. 93 ക്രൂയിസ് മിസൈലുകളും 200 ലേറെ ഡ്രോണുകളുമാണ് റഷ്യ യുക്രെയ്ന് നേരെ തൊടുത്തുവിട്ടത്. ​81 മിസൈലുകൾ വെടിവെച്ചിട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി പറഞ്ഞു.

യു.എസ് ആയുധ സഹായം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുക്രെയ്ന്റെ ഊർജ മേഖല ലക്ഷ്യമിട്ട് കനത്ത വ്യോമാക്രമണം നടത്തിയത്. ​ പടിഞ്ഞാറൻ മേഖലയിൽ ഹൈപർസോണിക് കിൻസാൽ ബാലിസ്റ്റിക് മിസൈലുകളാണ് പ്രയോഗിച്ചതെന്ന് വ്യോമസേന ആരോപിച്ചു.

ശൈത്യകാലം ആരംഭിച്ചതോടെ വൈദ്യുതി ഉൽപാദന മേഖല തകർക്കുന്നതിന്റെ ഭാഗമായാണ് നീക്കം. വൈദ്യുതി ഗ്രിഡായിരുന്നു റഷ്യയുടെ ആക്രമണലക്ഷ്യമെന്ന് ഊർജ മന്ത്രി ഹെർമൻ ഹാലുഷ്ചെങ്കോ പറഞ്ഞു. നവംബർ 28ന് നടത്തിയ സമാന ആക്രമണത്തിൽ പത്ത് ലക്ഷം വീടുകളാണ് ഇരുട്ടിലായത്. മൂന്ന് വർഷമായി തുടരുന്ന യുദ്ധം യുക്രെയ്ന്റെ വൈദ്യുതി ഉത്പാദന, വിതരണ മേഖലക്ക് കനത്ത ആഘാത വരുത്തിയത്.

യു.എസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്ന് 500 ദശലക്ഷം ഡോളറിന്റെ ആയുധ സഹായം പ്രഖ്യാപിച്ചതിന് പിന്നാ​ലെയായിരുന്നു റഷ്യയുടെ ആക്രമണം. ​കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ബൈഡൻ ഭരണകൂടം വീണ്ടും സഹായം പ്രഖ്യാപിച്ചത്. 988 ദശലക്ഷം ഡോളറിന്റെ സുരക്ഷ സഹായ പാക്കേജും 725 ദശലക്ഷം ഡോളറിന്റെ ആയുധ സഹായവും ഈ മാസാദ്യം പ്രഖ്യാപിച്ചിരുന്നു. യുക്രെയ്ന്റെ ഡൊസെറ്റ്സ്ക് മേഖലയിലെ തന്ത്രപ്രധാനമായ പൊ​ക്രൊവിസ്ക് നഗരം റഷ്യ സൈന്യം പിടിച്ചെടുത്തതായാണ് റിപ്പോർട്ട്.

ആക്രമണത്തെ തുടർന്ന് അധിക പവർകട്ട് ഏർപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. ആക്രമണത്തിന് മുൻപ് എട്ട് മണിക്കൂറായിരുന്ന പവർകട്ട് 11 മണിക്കൂറാക്കി വർധിപ്പിക്കും. വൈദ്യുതി കമ്പനിയായ യാസ്‌നോയുടെ 3.5 ദശലക്ഷം ഉപഭോക്താക്കളിൽ പകുതിയോളം പേർക്ക് വെള്ളിയാഴ്ച വൈദ്യുതി ഇല്ലെന്ന് അവരുടെ സി.ഇ.ഒ പറഞ്ഞു.

യുക്രെയ്നിലെ ഒമ്പത് ന്യൂക്ലിയർ റിയാക്ടർ യൂണിറ്റുകളിൽ അഞ്ചെണ്ണം പുതിയ ആക്രമണത്തെ തുടർന്ന് വൈദ്യുതി ഉത്പാദനം കുറച്ചതായി ഇൻറർനാഷണൽ ആറ്റോമിക് എനർജി ഏജൻസി പറഞ്ഞു.

Tags:    
News Summary - Russia launched 93 missiles, nearly 200 drones on Ukraine, says Volodymyr Zelenskyy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.