മോസ്കോ: പക്ഷിപ്പനിക്ക് കാരണമായ ഏവിയൻ ഇൻഫ്‌ലുവൻസ വൈറസിന്‍റെ എച്ച്5എൻ8 എന്ന വകഭേദം ലോകത്ത് ആദ്യമായി റഷ്യയിൽ മനുഷ്യനിൽ റിപ്പോർട്ട് ചെയ്തു. ഇക്കാര്യം ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിൽപെടുത്തിയതായി കൺസ്യൂമർ ഹെൽത് വാച്ച്ഡോഗ് റോസ്പോട്രെബൻഡ്സർ മേധാവി അന്ന പൊപോവ അറിയിച്ചു.
തെക്കൻ റഷ്യയിലെ പൗൾട്രി ഫാമിലെ ഏഴ് ജീവനക്കാരുടെ സാംപിളിലാണ് എച്ച്5എൻ8 പക്ഷിപ്പനി വൈറസിന്‍റെ ജനിതക വസ്തുക്കൾ കണ്ടെത്തിയത്. ഇവർക്ക് ആശങ്കപ്പെടേണ്ട ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. മേഖലയിൽ കഴിഞ്ഞ ഡിസംബറിൽ പക്ഷിപ്പനി വ്യാപകമായിരുന്നു.
എച്ച്5എൻ8 വൈറസ് റഷ്യ കൂടാതെ യൂറോപ്പ്, മിഡിലീസ്റ്റ്, വടക്കേ അമേരിക്ക മേഖലകളിലും ചൈനയിലും ഈയടുത്ത് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പക്ഷികളിൽ മാത്രമായിരുന്നു ഇത്. ആദ്യമായാണ് മനുഷ്യനിൽ റിപ്പോർട്ട് ചെയ്യുന്നത്.
ഏവിയൻ ഇൻഫ്‌ലുവൻസ വൈറസ് പെട്ടെന്ന് പടരുന്നതിനാൽ പക്ഷികൾ കൂട്ടത്തോടെ ചാകും. കേരളത്തിൽ ഈയടുത്ത് ആലപ്പുഴയിലും കുട്ടനാട്ടിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ആയിരക്കണക്കിന് വളർത്തുപക്ഷികളെയാണ് ഇവിടെ കൊന്നൊടുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.