മോസ്കോ: യുക്രെയ്ൻ അതിർത്തിയിൽനിന്ന് സൈന്യത്തെ പിൻവലിച്ചുതുടങ്ങിയെന്ന റഷ്യയുടെ പ്രസ്താവനയിൽ അവിശ്വാസം പ്രകടിപ്പിച്ച് നാറ്റോയും അമേരിക്കയും. റഷ്യ സൈന്യത്തെ പിൻവലിക്കുകയല്ല, വർധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൽറ്റെൻബെർഗ് വ്യക്തമാക്കി. യുക്രെയ്നെതിരായ യുദ്ധസാധ്യത നിലനിൽക്കുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. റഷ്യയുടെ വാക്കുകളല്ല, പ്രവൃത്തികളാണ് പരിഗണിക്കേണ്ടതെന്ന് ബ്രിട്ടൻ പ്രതികരിച്ചു.
റഷ്യ സ്ഥിരമായി സൈനികരെ മുന്നണിയിലേക്കും പിന്നിലേക്കും മാറ്റുകയാണെന്നും അതുകൊണ്ട് ഇപ്പോൾ യഥാർഥ പിന്മാറ്റമാണോ എന്ന് ഉറപ്പിക്കാനാകില്ലെന്നും സ്റ്റോൽറ്റെൻബെർഗ് പറഞ്ഞു.അതിനിടെ, യുക്രെയ്നു നേരെ ചൊവ്വാഴ്ചയുണ്ടായ സൈബർ ആക്രമണത്തിനു പിന്നിൽ തങ്ങളല്ലെന്ന് റഷ്യ വ്യക്തമാക്കി. യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം, സായുധ സേന വിഭാഗം, രണ്ടു ബാങ്കുകൾ എന്നിവയുടെ സൈറ്റുകളാണ് ആക്രമിക്കപ്പെട്ടത്. ആക്രമണം റഷ്യയിൽ നിന്നാണെന്ന് യുക്രെയ്ൻ ആരോപിച്ചു. യുക്രെയ്ൻ ജനത ബുധനാഴ്ച ദേശീയ ഐക്യദാർഢ്യദിനം ആചരിച്ചു. പുതിയ സാമ്പത്തിക ഉപരോധത്തിന് ശ്രമിച്ചാൽ തിരിച്ചടിക്കുമെന്ന് റഷ്യ ബ്രിട്ടന് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.