കീവ്: യുക്രെയ്നിലെ വടക്കുകിഴക്കൻ നഗരമായ സുമിയിലെ താമസ സമുച്ചയത്തിൽ റഷ്യൻ മിസൈൽ പതിച്ച് രണ്ട് കുട്ടികൾ അടക്കം 11 പേർ കൊല്ലപ്പെട്ടതായി യുക്രേനിയൻ അധികൃതർ. ആക്രമണത്തിൽ 11 കുട്ടികൾ ഉൾപ്പെടെ 89 പേർക്ക് പരിക്കേറ്റതായി സ്റ്റേറ്റ് എമർജൻസി സർവിസ് അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണെന്നും 400ലധികം ആളുകളെ ഇവിടെ നിന്ന് ഒഴിപ്പിച്ചതായും എമർജൻസി സർവിസ് കൂട്ടിച്ചേർത്തു.
120 മിസൈലുകളും 90 ഡ്രോണുകളും ഉപയോഗിച്ചുള്ള വൻ ആക്രമണമാണ് നടന്നത്. ഉക്രെയ്നിലെ പവർ ഗ്രിഡിനെ റഷ്യ തകർത്തതിന് പിന്നാലെയാണ് സുമിക്കെതിരായ ആക്രമണം. ഞായറാഴ്‌ച വൈകുന്നേരം സുമി നഗരം നരകമായി മാറി. റഷ്യ നമ്മുടെ നാട്ടിലേക്ക് കൊണ്ടുവന്ന ഒരു ദുരന്തമാണ്- സുമി സൈനിക ഭരണ തലവൻ വോലോഡൈമർ ആർത്യുഖ് പറഞ്ഞു. മറ്റൊരു മിസൈൽ അടിസ്ഥാന സൗകര്യങ്ങളിൽ പതിച്ചതിനാൽ നഗരത്തിന് വൈദ്യുതി ഇല്ലെന്നും സൈനിക മേധാവി അറിയിച്ചു.
എമർജൻസി സർവിസ് ടെലിഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോകളിൽ അഗ്നിശമന സേനാംഗങ്ങൾ തീയണക്കുന്നതും രക്ഷാപ്രവർത്തകർ ബഹുനില കെട്ടിടത്തിൽനിന്ന് ആളുകളെ പുറത്തെടുക്കുന്നതും കാണിച്ചു. ആക്രമണത്തിൽ 90 അപ്പാർട്ടുമെന്‍റുകൾക്കും 28 കാറുകൾക്കും രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 13 കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി അധികൃതർ പറഞ്ഞു.
സംഭവത്തിൽ റഷ്യ പ്രതികരിച്ചിട്ടില്ല. ഇരുപക്ഷവും പരസ്പരം സിവിലിയന്മാരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ നിഷേധിക്കുകയാണ്. എന്നാൽ, 2022ന്‍റെ തുടക്കം മുതൽ യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിൽ ആയിരക്കണക്കിനു പേർ മരിച്ചതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.