ബൈറൂത്: പ്രമുഖ ഹമാസ് നേതാവ് സാലിഹ് അൽ അറൂറിയെ ലബനാൻ തലസ്ഥാനമായ ബൈറൂത്തിൽ ഡ്രോൺ ഉപയോഗിച്ച് ബോംബിട്ട് കൊലപ്പെടുത്തിയതും ഇറാനിൽ ഖാസിം സുലൈമാനിയുടെ ഖബറിടത്തിനടുത്തുണ്ടായ സ്ഫോടനത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടതും പശ്ചിമേഷ്യയെ മുൾമുനയിലാക്കുന്നു. അറൂറി വധത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഹിസ്ബുല്ല പ്രഖ്യാപിച്ചിട്ടുണ്ട്.
ഇസ്രായേൽ നഗരങ്ങളിൽ സുരക്ഷ ശക്തമാക്കിയതായും എന്ത് പ്രത്യാഘാതവും നേരിടാൻ തയാറാണെന്നും സൈനിക വക്താവ് ഡാനിയൽ ഹഗാരി അറിയിച്ചു. അതേസമയം, അറൂറി വധത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല.
ഇറാൻ റെവല്യൂഷനറി ഗാർഡ് കമാൻഡറായിരുന്ന ഖാസിം സുലൈമാനിയുടെ നാലാം ചരമവാർഷികദിനത്തിലാണ് സ്ഫോടനം. സംഭവത്തിൽ അമേരിക്കയുടെ ഇടപെടലിനെക്കുറിച്ച് സംശയം ഉയരുന്നുണ്ട്. മൂന്നുവർഷം മുമ്പ് യു.എസ് ഡ്രോൺ ആക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്. ഹിസ്ബുല്ല നേതാക്കളുമായി ബൈറൂത്തിൽ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഓഫിസിനുനേരെ നടന്ന ആക്രമണത്തിൽ ചൊവ്വാഴ്ച അറൂറി കൊല്ലപ്പെട്ടത്. അൽഖസ്സാം ബ്രിഗേഡ് നേതാക്കളായ സാമിർ ഫന്ദി, അസ്സാം അഖ്റ എന്നിവരും ഹമാസ് അംഗങ്ങളായ മഹ്മൂദ് ഷാഹീൻ, മുഹമ്മദ് ബശാശ, മുഹമ്മദ് അൽ റഈസ്, അഹ്മദ് ഹമ്മൂദ് എന്നിവരും കൊല്ലപ്പെട്ടു. വെസ്റ്റ്ബാങ്ക് സ്വദേശിയായ സാലിഹ് അൽ അറൂറി അൽഖസ്സാം ബ്രിഗേഡിന്റെ സ്ഥാപക നേതാക്കളിലൊരാളാണ്.
ദീർഘകാലം ഇസ്രായേലി ജയിലിലായിരുന്ന അദ്ദേഹം മോചിതനായശേഷം ലബനാനിലാണ് താമസം. ഹമാസും ഹിസ്ബുല്ലയുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നത് അദ്ദേഹമായിരുന്നു.
ഇന്റലിജൻസ് വിവരങ്ങളും ഫോൺ സിഗ്നലുകളും പിന്തുടർന്നാണ് അറൂറിയെ വധിച്ചതെന്നാണ് സൂചന. കൂടിക്കാഴ്ച നടക്കുന്ന സ്ഥലം, തീയതി, ആരൊക്കെ പങ്കെടുക്കുന്നുവെന്ന വിവരം, പങ്കെടുക്കുന്നവരിലൊരാളുടെ ഫോൺ നമ്പർ എന്നിവ ഇസ്രായേൽ രഹസ്വാന്വേഷണ ഏജൻസിക്ക് ലഭിച്ചിരിക്കാം. ഡ്രോണുകൾക്ക് കൃത്യതയോടെ ആക്രമണം നടത്താൻ ഫോൺ സിഗ്നലുകൾ ഉപയോഗിച്ചിരിക്കാമെന്നും കരുതുന്നു.
തിരക്കേറിയ താമസകേന്ദ്രത്തിൽ നടത്തിയ ആക്രമണത്തിനെതിരെ ലബനാനിൽ പ്രതിഷേധം ശക്തമാണ്. ലബനാനെയും യുദ്ധത്തിലേക്ക് വലിച്ചിഴക്കാനുള്ള നീക്കമാണിതെന്ന് പ്രധാനമന്ത്രി നജീബ് മീകാത്തി പ്രതികരിച്ചു. പൊറുക്കാനാകാത്ത കുറ്റകൃത്യമെന്നാണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി അറൂറി വധത്തെ വിശേഷിപ്പിച്ചത്. വധത്തിൽ പ്രതിഷേധിച്ച് വെസ്റ്റ്ബാങ്കിൽ ബുധനാഴ്ച പൊതുപണിമുടക്ക് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.