ജോഹന്നാസ് ബർഗ്: അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ കോവിഡ് പടരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ വിദഗ്ധർ. പുതിയ കോവിഡ് തരംഗത്തിൽ രാജ്യത്ത് 16,055 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും 25 മരണങ്ങൾ രേഖപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി.
'മുൻപ് വലിയ തോതിൽ കുട്ടികളിൽ രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നില്ല. ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെ എണ്ണവും നാമമാത്രമായിരുന്നു. മൂന്നാംതരംഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായി.
15നും 19നും ഇടയിലുള്ള കൗമാരക്കാരിലും രോഗബാധ വളരെ കൂടുതലായിരുന്നു. എന്നാൽ നാലാംതരംഗത്തിൽ ആദ്യഘട്ടത്തിൽ തന്നെ അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നു.'- ദക്ഷിണാഫ്രിക്കൻ ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.
'പരിഭ്രമിക്കേണ്ട കാര്യമില്ല. രോഗബാധ റിപ്പോർട്ട് ചെയ്യുന്നവരിൽ 60 കഴിഞ്ഞവരാണ് ഒന്നാംസ്ഥാനത്ത്. അഞ്ച് വയസ്സിന് താഴെയുള്ളവർ രണ്ടാംസ്ഥാനത്താണ്. എന്നാൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന കേസുകൾ കൂടുതലായി കാണപ്പെടുന്നു. ഇതിന് കാരണമെന്തെന്ന് നിരീക്ഷിച്ചുവരികയാണ്'- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കബിൾ ഡിസീസസിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു.
വരുന്ന ആഴ്ചകളിൽ എന്തുകൊണ്ടാണ് പ്രത്യേക ഏജ്ഗ്രൂപുകളിൽ പെടുന്നവരെ രോഗം കൂടുതലായി ബാധിക്കുന്നതെന്ന് വിശദീകരിക്കാൻ കഴിയുമെന്നും ഇവർ വ്യക്തമാക്കി. 'കുറച്ചുസമയത്തിനുള്ള വളരെ കുറച്ച് വിവരങ്ങൾ വെച്ച് നിഗമനങ്ങളിലെത്തുക പ്രയാസമാണ്. പുതിയ വേരിയന്‍റ് വലിയ തോതിൽ രോഗപകർച്ച കാണിക്കുന്നുണ്ട് എന്നത് സത്യമാണ്. വാക്സിൻ സ്വീകരിച്ചവരേയും ബാധിക്കുന്നു. എന്നാൽ രോഗലക്ഷണങ്ങൾ, ബുദ്ധിമുട്ടുകൾ എന്നിവ താരതമ്യേന കുറവാണ്. വാക്സിനെടുത്തവരിൽ പ്രത്യേകിച്ചും.' - മന്ത്രി പറഞ്ഞു.
വാക്സിൻ സ്വീകരിക്കാത്തവരിലാണ് രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.