കിയവ്: തെക്കുകിഴക്കൻ യുക്രേനിയൻ നഗരമായ സപോറിജിയയ്ക്ക് പുറത്തുള്ള വിൽനിയൻസ്‌കിൽ റഷ്യൻ ആക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെടുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യൻ അതിർത്തി ഗ്രാമത്തിലെ ഒരു വീടിന് നേരെ യുക്രേൻ ഡ്രോൺ ആക്രമണം നടത്തി രണ്ട് കുട്ടികളടക്കം അഞ്ച് പേർ കൊല്ലപ്പെട്ടതായി റഷ്യൻ ആരോപണത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് വിൽനിയൻസ്കിലെ ആക്രമണം. ദിവസേനയുള്ള ആക്രമണങ്ങൾ തടയാൻ യുക്രെയ്‌നിന് കൂടുതൽ ദീർഘദൂര മിസൈലുകളും വ്യോമ പ്രതിരോധവും നൽകണമെന്ന അഭ്യർത്ഥന വൊളോദിമിർ സെലൻസ്കി ആവർത്തിച്ചു. 'ആയുധവിതരണം വേഗത്തിലാക്കണമെന്നും എന്തെങ്കിലും കാലതാമസം ഉണ്ടായാൽ അത് മനുഷ്യജീവനുകളുടെ നഷ്ടമാണെന്നും' സെലൻസ്കി പറഞ്ഞു.
റഷ്യയിലെ കുർസ്ക് മേഖലയിലെ ചെറിയ ഗ്രാമമായ ഗൊറോഡിഷ് ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഡ്രോൺ ഇടിച്ചത്. ഗ്രനേഡുകളോ മറ്റ് സ്‌ഫോടക വസ്തുക്കളോ കൊണ്ടുപോകാൻ ഘടിപ്പിക്കാവുന്ന ഒരു ചെറിയ ഉപകരണമായ കോപ്റ്റർ ശൈലിയിലുള്ള ഡ്രോൺ ഉപയോഗിച്ചായിരുന്നു ആക്രമണം. രണ്ട് ചെറിയ കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. കുടുംബത്തിലെ മറ്റ് രണ്ട് അംഗങ്ങൾ ഗുരുതരാവസ്ഥയിലാണ്. കുർസ്ക് ഗവർണർ അലക്സി സ്മിർനോവ് അറിയിച്ചു. കുറഖോവ് നഗരത്തിലുണ്ടായ രണ്ട് ഷെല്ലാക്രമണങ്ങളിൽ ഒരു മരണവും റഷ്യൻ സേനയുടെ അധിനിവേശത്തിലുള്ള കെർസൺ മേഖലയിൽ രണ്ടുപേരും കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. സെൻട്രൽ സിറ്റിയായ ഡിനിപ്രോയിൽ വെള്ളിയാഴ്ച നടന്ന മിസൈൽ ആക്രമണത്തിൽ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേരെ കാണാതായി.
രണ്ട് മിസൈലുകളാണ് വിൽനിയൻസ്‌കിൽ പതിച്ചത്. വിൽനിയൻസ്‌കിൽ നിന്ന് 10 കിലോമീറ്ററിൽ താഴെയുള്ള യുക്രെയ്‌ങ്ക ഗ്രാമത്തിലാണ് മിസൈലുകൾ പതിച്ചത്.ആക്രമണത്തിൽ കെട്ടിടങ്ങൾക്കും ഒരു കടക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങൾ തീയണച്ചെങ്കിലും രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവത്തെക്കുറിച്ച് റഷ്യൻ പ്രതിരോധ മന്ത്രാലയം ഇത് വരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.