ന്യൂഡൽഹി: ടൂറിസ്റ്റ് വിസയിൽ റഷ്യയിലെത്തി യുദ്ധമേഖലയിൽ സൈനിക സേവനത്തിന് നിർബന്ധിക്കപ്പെട്ട ഏഴ് ഇന്ത്യക്കാർ കൂടി കേന്ദ്ര സർക്കാറിന്‍റെ സഹായം തേടി. റഷ്യ-യുക്രെയ്ൻ അതിർത്തിയിൽ നിർബന്ധിത സൈനിക സേവനത്തിന് വിധേയരാകുകയാണ് തങ്ങളെന്ന് കാട്ടി ഇവർ വിഡിയോ പുറത്തുവിട്ടിരുന്നു. തിരികെ ഇന്ത്യയിലേക്ക് മടങ്ങാൻ സഹായിക്കണമെന്നാണ് അഭ്യർഥന.
ഗഗൻദീപ് സിങ് (24), ലവ്പ്രീത് സിങ് (24), നരെയ്ൻ സിങ് (22), ഗുർപ്രീത് സിങ് (21), ഗുർപ്രീത് സിങ് (23), ഹർഷ് കുമാർ (20), അഭിഷേക് കുമാർ (21) എന്നിവരാണ് റഷ്യയിലുള്ളത്. അഞ്ച് പേർ പഞ്ചാബിൽ നിന്നും രണ്ട് പേർ ഹരിയാനയിൽ നിന്നുള്ളവരുമാണ്.
ടൂറിസ്റ്റ് വിസയിലാണ് ഇവർ റഷ്യയിലെത്തിയത്. എന്നാൽ, ഇവരെ മതിയായ രേഖകളില്ലെന്ന കാരണം പറഞ്ഞ് പൊലീസ് പിടികൂടുകയും സൈന്യത്തിൽ സഹായികളായി ജോലിചെയ്യാൻ നിർബന്ധിക്കുകയുമായിരുന്നു. സൈനിക ജോലി ചെയ്തില്ലെങ്കിൽ 10 വർഷത്തേക്ക് ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തി.
സഹായികളായി ജോലിചെയ്താൽ മതിയെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ, പിന്നീട് ആയുധ പരിശീലനവും മറ്റും നൽകി യുക്രെയ്ൻ അതിർത്തിയിലേക്ക് അയക്കുകയായിരുന്നു. ഫോണുകൾ റഷ്യൻ സൈന്യം പിടിച്ചുവെച്ചെന്നും വിഡിയോയിൽ ഇവർ പറഞ്ഞു.
12 ഇന്ത്യക്കാര്‍ റഷ്യന്‍ യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യ മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇവരെ വാഗ്‌നര്‍സേനയില്‍ ചേര്‍ന്ന് അധിനിവേശ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ നിര്‍ബന്ധിക്കുന്നതായാണ് വിവരം. ഇതിന് പിന്നാലെയാണ് കൂടുതൽ ഇന്ത്യക്കാർ സൈനിക സേവനത്തിന് നിർബന്ധിതരാകുന്നുവെന്ന വിവരം പുറത്തുവരുന്നത്.
റഷ്യയില്‍ ജോലിക്കായെത്തി സൈനിക സേവനത്തിന് നിര്‍ബന്ധിക്കപ്പെട്ട ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ശ്രമം തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയം ഫെബ്രുവരിയിൽ അറിയിച്ചിരുന്നു. റഷ്യന്‍ സൈന്യത്തില്‍ സഹായികളായി ചേര്‍ത്തവരെ ഉടന്‍ വിട്ടയക്കാന്‍ റഷ്യന്‍ അധികൃതരോട് മന്ത്രാലയം അഭ്യര്‍ഥിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.