ഫലസ്തീനികൾക്കു നേരെ ലൈംഗികാതിക്രമം: ഇസ്രായേൽ സൈനികരുടെ കസ്റ്റഡി നീട്ടി

ഗസ്സ: കസ്റ്റഡിയിലെടുത്ത ഫലസ്തീനികൾക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ കസ്റ്റഡിയിലെടുത്ത അഞ്ച് ഇസ്രായേലി റിസർവ് സൈനികരുടെ റിമാൻഡ് നീട്ടി. ബുധനാഴ്ച വരെയാണ് അന്വേഷണ വിധേയമായി റിമാൻഡ് നീട്ടിയത്.

അതേസമയം, ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനിടെ 33 പേർകൂടി കൊല്ലപ്പെട്ടു. 118 പേർക്കുകൂടി പരിക്കേറ്റു. ഗസ്സ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികൾ 39,583 ആയി. 91,398 പേർക്കാണ് പരിക്കേറ്റത്. മരിച്ചവരിൽ 15,000ത്തിലധികം കുട്ടികളാണ്. ഗസ്സയിലെ ദൈർ അൽബലാഹിൽ വീടിനു മേൽ ഇസ്രായേൽ ബോംബിട്ടു.

അൽഅഖ്സ രക്തസാക്ഷി ആശുപത്രിക്കു നേരെ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ആശുപത്രി മുറ്റത്തെ തമ്പിലാണ് ആക്രമണം നടത്തിയത്. അതിനിടെ, ഇസ്രായേലിലെ തെൽ അവീവിൽ രണ്ട് പേർ കുത്തേറ്റു മരിച്ചു. 70 വയസ്സുള്ള സ്ത്രീയും 80 വയസ്സുള്ള പുരുഷനുമാണ് കൊല്ലപ്പെട്ടത്.

പലസ്തീൻ തീവ്രവാദിയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് ആരോപിച്ചു. ഞായറാഴ്ച ലബനാനിൽ ബൈക്ക് യാത്രികർക്കു നേരെ ഇസ്രായേൽ നടത്തിയ ആക്രമണം ലക്ഷ്യം തെറ്റി. ആർക്കും പരിക്കില്ല. ഹിസ്ബുല്ല ഇസ്രായേലിനെ ലക്ഷ്യമാക്കി ശക്തമായ റോക്കറ്റാക്രമണം നടത്തുന്നുണ്ട്. ഗസ്സയിൽനിന്ന് അഞ്ച് റോക്കറ്റാക്രമണമുണ്ടായതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

അതിനിടെ ഗസ്സയിൽ റഫ അതിർത്തിയിലെ ഫിലാഡൽഫി കോറിഡോറിൽനിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്തമാക്കി.

Tags:    
News Summary - Sexual assault on Palestinians: Israeli soldiers' custody extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.