ബംഗ്ലാദേശ് കൈമാറാൻ ആവശ്യപ്പെടുന്നത് വരെ ശൈഖ് ഹസീന നിശബ്ദത പാലിക്കണം - മുഹമ്മദ് യൂനുസ്

ബംഗ്ലാദേശ് കൈമാറാൻ ആവശ്യപ്പെടുന്നത് വരെ ശൈഖ് ഹസീന നിശബ്ദത പാലിക്കണം - മുഹമ്മദ് യൂനുസ്

ധാക്ക: മുൻ പ്രധാനമന്ത്രി ​​ശൈഖ് ഹസീന ഇന്ത്യയിലിരുന്ന് നടത്തുന്ന രാഷ്ട്രീയ പരാമർശങ്ങൾ ‘സൗഹൃദപരമല്ലാത്ത സൂചനയാണെന്ന്’ ബംഗ്ലാദേശ് ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസ്. ബംഗ്ലാദേശ് അവരെ കൈമാറാൻ ആവശ്യപ്പെടുന്നത് വരെ ഇരുരാജ്യങ്ങളും തമ്മിൽ അസ്വാരസ്യം ഉണ്ടാകുന്നത് തടയാൻ അവർ നിർബന്ധമായും നിശബ്ദത പാലിക്കണമെന്നും യൂനുസ് പറഞ്ഞു.

‘അവരിപ്പോൾ ഇന്ത്യയിലുണ്ട്. ചില സമയങ്ങളിൽ അവർ സംസാരിക്കുന്നു. അത് പ്രശ്‌നകരമാണ്. അവർ മിണ്ടാതിരുന്നാൽ ഞങ്ങളത് മറക്കുമായിരുന്നു. അവർ അവരുടെ സ്വന്തം ലോകത്തായിരിക്കുമായിരുന്നതുപോലെ ജനങ്ങൾ അത് മറക്കുമായിരുന്നു. എന്നാൽ, ഇന്ത്യയിൽ ഇരുന്നു സംസാരിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. അതാർക്കും ഇഷ്ടപ്പെടുന്നതല്ല. ബംഗ്ലാദേശ് സർക്കാർ അവരെ തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന സമയംവരെ ഇന്ത്യ അവരെ നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർ നിശബ്ദത പാലിക്കണം -അദ്ദേഹം പറഞ്ഞു. ഹസീനയെ പുറത്താക്കിയതിന് ശേഷം രാജ്യത്തി​ന്‍റെ മുഖ്യ ഉപദേഷ്ടാവായി നിയമിതനായ യൂനുസ് ധാക്കയിലെ ത​ന്‍റെ ഔദ്യോഗിക വസതിയിൽ വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണിങ്ങനെ പ്രതികരിച്ചത്.

ആഗസ്റ്റ് 13ന് ഹസീന തനിക്ക് ‘നീതി’ ആവശ്യപ്പെട്ട് നടത്തിയ പ്രസ്താവനയെയാണ് യൂനുസ് പരാമർശിച്ചത്. ‘അടുത്തിടെയുണ്ടായ ഭീകരപ്രവർത്തനങ്ങൾ, കൊലപാതകങ്ങൾ, നശീകരണ പ്രവർത്തനങ്ങൾ എന്നിവയിൽ ഉൾപ്പെട്ടവരെക്കുറിച്ച് അന്വേഷിക്കുകയും ശിക്ഷിക്കുകയും ചെയ്യണമെന്ന്’ അന്നവർ പറഞ്ഞിരുന്നു. ഇത് നമുക്കോ ഇന്ത്യക്കോ നല്ലതല്ല. അതിൽ അസ്വസ്ഥതയുണ്ടെന്നായിരുന്നു ഇതിനോടുള്ള യൂനുസി​ന്‍റെ പ്രതികരണം. ബംഗ്ലാദേശ് തങ്ങളുടെ നിലപാട് ഇന്ത്യയെ അറിയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അവർ മൗനം പാലിക്കണമെന്ന് വാക്കാലുള്ളതും ഉറച്ചതുമായ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്ന് യൂനുസ് പറഞ്ഞു. ബംഗ്ലാദേശ് ഇന്ത്യയുമായുള്ള ശക്തമായ ബന്ധത്തിന് വിലകൽപ്പിക്കുന്നുവെന്നും ‘അവാമി ലീഗ് ഒഴികെയുള്ള മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളും ഇസ്‍ലാമിസ്റ്റുകളാണെന്നും ​ശൈഖ് ഹസീന ഇല്ലാതെ രാജ്യം അഫ്ഗാനിസ്ഥാനായി മാറുമെന്നും’ ചിത്രീകരിക്കുന്ന ആഖ്യാനത്തിനപ്പുറത്തേക്ക് ഇന്ത്യ നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ വിരുദ്ധ പ്രതിഷേധത്തെത്തുടർന്ന് ആഗസ്റ്റ് 5 ന് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. അതിക്രമങ്ങൾക്കെതിരെ ബംഗ്ലാദേശിലെ ജനങ്ങൾക്ക് നീതി ഉറപ്പാക്കാൻ ഇടക്കാല സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും നീതിക്കായി ഹസീനയെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരണമെന്നും യൂനുസ് പറഞ്ഞു. ‘അവരെ തിരികെ കൊണ്ടുവരണം. അല്ലെങ്കിൽ ബംഗ്ലാദേശിലെ ജനങ്ങൾക്ക് സമാധാനമുണ്ടാകില്ല. അവർ ചെയ്ത ക്രൂരതകൾക്ക് ഇവിടെയുള്ള എല്ലാവരുടെയും മുന്നിൽ വിചാരണ ചെയ്യപ്പെടണം -അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്ത്യയുമായി നല്ല ബന്ധത്തിനുള്ള ആഗ്രഹം യൂനുസ് പ്രകടിപ്പിച്ചു. എന്നാൽ, ഹസീനയുടെ നേതൃത്വം മാത്രമേ രാജ്യത്തി​ന്‍റെസ്ഥിരത ഉറപ്പാക്കൂ എന്ന ആഖ്യാനം ഇന്ത്യ ഉപേക്ഷിക്കണം. രാജ്യത്ത് ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് ആശങ്ക ഉയർത്തുന്നത് ഒരു ഒഴികഴിവ് മാത്രമാണെന്ന് യൂനുസ് പറഞ്ഞു. ‘ന്യൂനപക്ഷങ്ങളുടെ അവസ്ഥയെ ഇത്ര വലിയ രീതിയിൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നത് ഒരു ഒഴികഴിവ് മാത്രമാണ്’ -അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Sheikh Hasina must stay silent in India till Bangladesh seeks her extradition: Chief Advisor Muhammad Yunus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.