ഒമിക്രോൺ വ്യാപനം കൂടുതൽ അപകടകാരിയായ വകഭേദത്തിന് കാരണമായേക്കാം; മുന്നറിയിപ്പുമായി ഡബ്ല്യു.എച്ച്.ഒ

സ്റ്റോക്ക്ഹോം: ലോകത്ത് ഒമിക്രോൺ കേസുകൾ കുതിച്ചുയരുന്നത് യൂറോപ്പിൽ പുതിയതും കൂടുതൽ അപകടകരവുമായ മറ്റൊരു വകഭേദം ഉയർന്നുവരാനുള്ള സാധ്യത വർധിപ്പിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

ഒമിക്രോൺ ലോകത്ത് കാറ്റുതീപോലെ പടർന്നുപിടിക്കുമ്പോഴും, ഡെൽറ്റ വകഭേദത്തേക്കൾ അപകടകാരിയല്ലെന്ന വിലയിരുത്തലിലായിരുന്നു ആരോഗ്യ വിദ്ഗധർ. വ്യാപനശേഷി കൂടുതലാണെങ്കിലും ത്രീവത കുറഞ്ഞ ഒമിക്രോണിനെ വേഗത്തിൽ മറികടക്കാമെന്നും ജനജീവിതം സാധാരണനിലയിലേക്കെത്തുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ലോകം. എന്നാൽ, ഡബ്ല്യു.എച്ച്.ഒയിലെ മുതിർന്ന അടിയന്തര വിഭാഗം ഓഫിസർ കാതറീൻ സ്മാൽവുഡ് ജാഗ്രത മുന്നറിയിപ്പ് നൽകുകയാണ്.

കുതിച്ചുയരുന്ന അണുബാധ നിരക്ക് വിപരീത ഫലമുണ്ടാക്കുമെന്ന് അദ്ദേഹം എ.എഫ്.പി ന്യൂസ് ഏജൻസിയോട് വെളിപ്പെടുത്തി. ഒമിക്രോൺ വകഭേദം വ്യാപിക്കുന്നതും കൂടുതൽ പേരിലേക്കെത്തുന്നതും പുതിയ വകഭേദത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. ഒമിക്രോൺ ഡെൽറ്റയേക്കാൾ അപകടകാരിയല്ലെങ്കിലും വരാനിരിക്കുന്ന വകഭേദം എപ്രകാരമായിരിക്കുമെന്ന് നമുക്ക് പ്രവചിക്കുക അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് കോവിഡ് മഹാമാരി റിപ്പോർട്ട് ചെയ്തത് മുതൽ യൂറോപ്പിൽ ഇതുവരെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 10 കോടി കവിഞ്ഞു. കഴിഞ്ഞയാഴ്ച മാത്രം യൂറോപ്പിൽ 50 ലക്ഷം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നമ്മൾ വളരെ അപകടകരമായ ഘട്ടത്തിലാണ്. പടിഞ്ഞാറൻ യൂറോപ്പിൽ അണുബാധ നിരക്ക് ഗണ്യമായി ഉയരുകയാണ്. അതിന്‍റെ ആഘാതം ഇതുവരെ വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Soaring Omicron Cases Could Lead To More Dangerous Variants, WHO Warns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.