വടക്കൻ ഗസ്സയിൽ വീണ്ടും വെടിയൊച്ച; ആക്രമണം തുടങ്ങിയെന്ന് ഇസ്രായേൽ

ഗസ്സ: വെടിനിർത്തൽ കരാർ അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇസ്രായേൽ വടക്കൻ ഗസ്സയിൽ ആക്രമണം തുടങ്ങി. ഗസ്സ മുനമ്പിൽ നിന്ന് വെടിയൊച്ചകൾ കേട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ നിന്നും അൽ ജസീറയുടെ റിപ്പോർട്ടർ താരേഖ് അബു അസും ആണ് വടക്കൻ ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം തുടങ്ങിയെന്ന റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ തങ്ങൾ ഗസ്സയിൽ വീണ്ടും ആക്രമണം തുടങ്ങുകയാണെന്ന് ഔദ്യോഗികമായി തന്നെ ഇസ്രായേൽ അറിയിച്ചു.

ഗസ്സ നഗരത്തിന്റെ വടക്ക്-പടിഞ്ഞാറ് മേഖലയിലാണ് ആക്രമണം . ഇസ്രായേലിന്റെ ഡ്രോണുകളും യുദ്ധവിമാനങ്ങളും ഗസ്സക്ക് മുകളിലുണ്ടെന്നും അൽ ജസീറ റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, ഗസ്സയിൽ നിന്നും തങ്ങൾക്ക് നേരെ മിസൈൽ ആക്രമണം ഉണ്ടായെന്ന ആരോപണവുമായി ഇസ്രായേൽ സൈന്യം രംഗത്തെത്തി.

ഇസ്രായേലിനെ ലക്ഷ്യമിട്ട് ഗസ്സയിൽ നിന്നും വന്ന മിസൈൽ നിർവീര്യമാക്കിയെന്നാണ് ​സൈന്യത്തിന്റെ അവകാശവാദം. എന്നാൽ ഇതുസംബന്ധിച്ച് ഹമാസിന്റെ പ്രതികരണം പുറത്ത് വന്നിട്ടില്ല.

ഒരാഴ്ച നീണ്ട താൽക്കാലിക വെടിനിർത്തൽ വെള്ളിയാഴ്ച രാവിലെ ഏഴിന് (പ്രാദേശികസമയം) അവസാനിക്കാനിരിക്കെ ഇത് രണ്ടുദിവസത്തേക്കുകൂടി നീട്ടാൻ ​ഖത്തറും ഈജിപ്തും ചർച്ചകൾ ഊർജിതമാക്കിയിരുന്നു. ചർച്ചകളിൽ സമ്പൂർണ വെടിനിർത്തലിന് ഹമാസ് താൽപര്യം പ്രകടിപ്പിച്ചെങ്കിലും ഇസ്രായേൽ തയാറല്ലെന്നാണ് സൂചനകൾ. ബുധനാഴ്ച രാത്രി ഇസ്രായേലിലെത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍റെ സാന്നിധ്യത്തിൽ യുദ്ധമ​ന്ത്രിസഭാ യോഗം ചേർന്നു.

ആറുദിവസ താൽക്കാലിക ഇടവേള വ്യാഴാഴ്ച രാവിലെ ഏഴിന് അവസാനിക്കുന്നതിന് നിമിഷങ്ങൾക്കു മുമ്പാണ് 24 മണിക്കൂർകൂടി നീട്ടിയതായി പ്രഖ്യാപനം വന്നത്. ബുധനാഴ്ച രാത്രി 16 ബന്ദികളെ ഹമാസ് മോചിപ്പിക്കുകയും പകരം 30 ഫലസ്തീനി തടവുകാരെ ഇസ്രായേൽ വിട്ടയക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ചയും ഇസ്രായേൽ 30 ഫലസ്തീനി തടവുകാരെ വിട്ടയക്കുകയും 10 ബന്ദികളെ ഹമാസ് മോചിപ്പിക്കുകയും ചെയ്തു.

ഹമാസ് ബന്ദികളാക്കിയ മുഴുവൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാതെ ഇനി വെടിനിർത്തലിനില്ലെന്ന നിലപാട് ഇസ്രായേൽ സ്വീകരിച്ചുവെന്നാണ് വിവരം. എന്നാൽ, മുഴുവൻ ബന്ദികളെയും മോചിപ്പിക്കുന്നതിന് പകരമായി ഇസ്രായേലി ജയിലുകളിലെ എല്ലാ തടവുകാരെയും വിട്ടയക്കണമെന്നാണ് ഹമാസ് നിലപാട്.

Tags:    
News Summary - Sounds of gunfire, explosions reported in northern Gaza Strip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.