കിയവ്: ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സൂക് യോൾ യുക്രെയ്നിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. റഷ്യക്കെതിരായ പോരാട്ടത്തിൽ പിന്തുണ അറിയിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദർശനം.
നാറ്റോ ഉച്ചകോടിക്കായി ലിത്വേനിയയും തുടർന്ന് പോളണ്ടും സന്ദർശിച്ച ശേഷമാണ് ഭാര്യ കിം കിയോൺ ഹീക്കൊപ്പം അദ്ദേഹം യുക്രെയ്നിലെത്തിയത്. 17 മാസങ്ങൾക്കുമുമ്പ് റഷ്യ അധിനിവേശം ആരംഭിച്ചതിനുശേഷം ദക്ഷിണ കൊറിയൻ പ്രസിഡന്റ് നടത്തുന്ന ആദ്യ യുക്രെയ്ൻ സന്ദർശനമാണിത്. കഴിഞ്ഞ വർഷം റഷ്യൻ സേന പിൻവാങ്ങിയതിനുശേഷം കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയ ബുച്ച, ഇർപിൻ എന്നീ സ്ഥലങ്ങൾ അദ്ദേഹം സന്ദർശിച്ചു. പിന്നീട് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഏഷ്യയിൽ അമേരിക്കയുടെ പ്രമുഖ സഖ്യകക്ഷിയായ ദക്ഷിണ കൊറിയ, റഷ്യക്കെതിരായ ഉപരോധത്തിലും പങ്കാളിയാണ്. യുദ്ധക്കെടുതിയിൽ വലയുന്ന യുക്രെയ്ന് മാനുഷിക, സാമ്പത്തിക സഹായം എത്തിക്കുന്നതിലും മുൻനിരയിലുണ്ട് ഈ രാജ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.