കൊളംബോ: സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ സൈനികരുടെ എണ്ണം പകുതിയായി കുറക്കാനൊരുങ്ങി ശ്രീലങ്ക. രാജ്യത്ത് ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് സർക്കാരിന്‍റെ നടപടി. 2030ന്‍റെ അവസാനത്തോടെ സൈനികരുടെ എണ്ണം100,000 ആയി കുറയ്ക്കുമെന്ന് പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. കഴിഞ്ഞ വർഷം പൊതുചെലവിന്റെ 10 ശതമാനവും പ്രതിരോധത്തിനായിരുന്നു.
മികച്ചതും സന്തുലിതവുമായ സേനയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും പ്രതിരോധ മന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു. വേൾഡ് ബാങ്കിൽ നിന്നുള്ള വിവരങ്ങളനുസരിച്ച് 2017 -2019 കാലയളവിൽ ശ്രീലങ്കൻ സൈന്യത്തിൽ 317,000 അംഗങ്ങളാണ് ഉണ്ടായിരുന്നത്.
വിദേശ നാണയ കരുതൽ ശേഖരം തീർന്നതും കോവിഡ് മഹാമാരി കാരണം വിനോദ സഞ്ചാര മേഖലയിൽ നിന്നുള്ള വരുമാനം കുറഞ്ഞതുമാണ് ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവാൻ കാരണം. വിദേശവായ്പ സംഘടിപ്പിക്കുന്നതിനായി രൂപയുടെ മൂല്യം കുറച്ചതും സാമ്പത്തികമേഖലക്ക് തിരിച്ചടിയായി. 2021നവംബറോടെയാണ് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.