കൊളംബൊ: ശ്രീലങ്കയിൽ ഇന്ധന വില വീണ്ടും കൂട്ടി . ഡീസലിന് 15 ശതമാനമാണ് കൂട്ടിയത്. ഇതോടെ ലിറ്ററിന് വില 460 രൂപയായി. പെട്രോൾ 22 ശതമാനം വർധിച്ച് 550 രൂപയിലെത്തി. എണ്ണ ഇറക്കുമതി ചെയ്യാൻ വൈകുന്നതാണ് ഉടൻ വില ഉയർത്താൻ കാരണമെന്ന് ഊർജ മന്ത്രി കാഞ്ചന വിജേശേഖര അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധി കാരണം അടുത്തയാഴ്ച ലഭിക്കേണ്ട ഇന്ധനങ്ങളും എത്തില്ല എന്നും മന്ത്രി പറഞ്ഞു. രണ്ട് ദിവസത്തേക്ക് കൂടി ഉപയോഗിക്കാനുള്ള എണ്ണ മാത്രമേ രാജ്യത്ത് അവശേഷിക്കുന്നുള്ളു.
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ ഉന്നത അമേരിക്കൻ പ്രതിനിധി സംഘം എത്തുന്ന സാഹചര്യത്തിലാണ് വില ഉയർത്തിയത്. കഴിഞ്ഞ രണ്ടാഴ്ചക്കകം 158.75 ദശലക്ഷം ഡോളർ ധനസഹായം അമേരിക്ക ശ്രീലങ്കക്ക് നൽകിയത്.
കടുത്ത വിദേശനാണ്യ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കക്ക് ശതകോടികളുടെ വിദേശവായ്പ തിരിച്ചടവ് മുടങ്ങിയിരുന്നു. കടക്കെണിയുടെ വക്കിലെത്തിനിൽക്കുന്ന രാജ്യം ഭക്ഷണവും ഇന്ധനവുമടക്കം അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാൻ വിദേശനാണ്യമില്ലാതെ ബുദ്ധിമുട്ടുകയാണ്. ഇന്ധനക്ഷാമം മൂലം ഗതാഗതം ചുരുക്കുന്നതിനായി സ്ഥാപനങ്ങളും സ്കൂളുകളും രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യതക്കുറവും പണപ്പെരുപ്പവും കാരണം രാജ്യത്ത് അഞ്ചിലൊരാൾക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല എന്ന് ഐക്യരാഷ്ട്ര സഭ റിപ്പോർട്ട് ചെയ്തിരുന്നു. 47 ദശലക്ഷം ഡോളർ അടിയന്തര ധനസഹായമായി ശ്രീലങ്കക്ക് നൽകുവാൻ യു.എൻ അടിയന്തര അപ്പീൽ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.