കൊളംബോ: പുതിയ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ കീഴിൽ ശ്രീലങ്കൻ പാർലമെന്റ് ബുധനാഴ്ച ചേരും. യോഗത്തിൽ അടിയന്തരാവസ്ഥ അംഗീകരിക്കുമെന്ന് പാർലമെന്റിന്റെ കമ്യൂണിക്കേഷൻസ് ഓഫിസ് അറിയിച്ചു. ജനകീയ പ്രക്ഷോഭത്തിൽനിന്ന് രക്ഷപ്പെടാൻ പ്രസിഡന്റ് ഗോടബയ രാജപക്‌സ രാജ്യത്തുനിന്ന് പലായനം ചെയ്തതിന് ശേഷം ജൂലൈ 17നാണ് വിക്രമസിംഗെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നിയമപ്രകാരം അടിയന്തരാവസ്ഥ നടപ്പാക്കി 14 ദിവസത്തിനകം പാർലമെന്റ് അംഗീകരിക്കണം. നിലവിലെ 18 അംഗ മന്ത്രിസഭ വിപുലീകരിക്കാനും സർവകക്ഷി സർക്കാർ രൂപവത്കരിക്കാനുമുള്ള ചർച്ചകൾ നടക്കുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അതിനിടെ, ഗോടബയ രാജപക്‌സ ഒളിവിലല്ലെന്നും അദ്ദേഹം സിംഗപ്പൂരിൽനിന്ന് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷയെന്നും കാബിനറ്റ് വക്താവും മന്ത്രിയുമായ ബന്ദുല ഗുണവർധന ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുൻ പ്രസിഡന്റ് രാജ്യം വിട്ടതായി താൻ വിശ്വസിക്കുന്നില്ലെന്നും ഗതാഗത, ഹൈവേ, മാസ് മീഡിയ മന്ത്രികൂടിയായ ഗുണവർധന പറഞ്ഞു. എന്നാൽ, ഗോടബയയുടെ മടങ്ങിവരവിന്റെ കൂടുതൽ വിവരങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല.കഴിഞ്ഞ ബുധനാഴ്ചയാണ് പുതിയ പ്രസിഡൻറായി വിക്രമസിംഗയെ പാർലമെന്റ് തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.