കൊളംബോ: ശ്രീലങ്കയിൽ ഗോടബയ രാജപക്സ രാജിവെച്ചതോടെ ഒഴിവുവന്ന പ്രസിഡന്റുപദത്തിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പാർലമെന്റ്. ഈമാസം 20ന് പാർലമെന്റ് വോട്ടെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. അതുവരെ ഇടക്കാല പ്രസിഡന്റായി തുടരാൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയോട് പാർലമെന്റ് നിർദേശിച്ചു.
ശനിയാഴ്ച ചേർന്ന 13 മിനിറ്റ് മാത്രം നീണ്ട പ്രത്യേക പാർലമെന്റ് യോഗത്തിൽ സെക്രട്ടറി ജനറൽ ധാമ്മിക ദസനായകെയാണ് ഗോടബയയുടെ രാജിക്കത്ത് വായിച്ചുകൊണ്ട് പ്രസിഡന്റ് പദത്തിൽ ഒഴിവുവന്ന കാര്യം പ്രഖ്യാപിച്ചത്. 1981ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിയമപ്രകാരം ഒഴിവ് പ്രഖ്യാപിച്ച് മൂന്നു ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ പാർലമെന്റ് ചേരണമെന്ന് കമ്യൂണിക്കേഷൻസ് ഡയറക്ടർ ജനകാന്ത ഡിസിൽവ വ്യക്തമാക്കി.
ജനകീയ പ്രക്ഷോഭം രൂക്ഷമായതിനെ തുടർന്ന് സ്ഥലംവിട്ട ഗോടബയ കഴിഞ്ഞ ദിവസമാണ് മാലദ്വീപ് വഴി സിംഗപ്പൂരിലേക്ക് കടന്നത്. അതിനുപിന്നാലെ രാജിവെക്കുകയായിരുന്നു. ഗോടബയയുടെ ശ്രീലങ്ക പൊതുജന പേരമുനക്കാണ് (എസ്.എൽ.പി.പി) 225 അംഗ പാർലമെന്റിൽ വ്യക്തമായ മുൻതൂക്കം. അതിനാൽ അവർ മുന്നോട്ടുവെക്കുന്ന സ്ഥാനാർഥിക്കാണ് വിജയസാധ്യത. സ്വന്തം പാർട്ടിയിൽനിന്ന് സ്ഥാനാർഥിയെ നിർത്താതെ റനിൽ വിക്രമസിംഗെയുടെ പേരാണ് പാർട്ടി മുന്നോട്ടുവെക്കുന്നത്.
അതേസമയം, എസ്.എൽ.പി.പിയിൽനിന്ന് വിഘടിച്ചുനിൽക്കുന്ന ഡള്ളാസ് അലഹപ്പെരുമയും മത്സരരംഗത്തുണ്ട്. പാർട്ടി അധ്യക്ഷൻ ജി.എൽ. പെയ് രിസ് അടക്കമുള്ളവർ അലഹപ്പെരുമയെയാണ് പിന്തുണക്കുന്നത്. വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനൽ പാർട്ടി (യു.എൻ.പി) കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാവാതെ തകർന്നടിഞ്ഞിരുന്നു. എന്നാൽ, രാജപക്സ കുടുംബത്തിന്റെ പിന്തുണയിലാണ് വിക്രമസിംഗെ പ്രസിഡന്റ് പദവി ലക്ഷ്യമിടുന്നത്. ഇതേകാരണം കൊണ്ടുതന്നെ ജനങ്ങൾക്കിടയിൽ അനഭിമതനായ വിക്രമസിംഗെ പ്രസിഡന്റായാൽ പ്രക്ഷോഭം തുടരുമെന്ന മുന്നറിയിപ്പുമുണ്ട്.
മുഖ്യപ്രതിപക്ഷമായ സമാഗി ജന ബലവേഗയയുടെ നേതാവ് സജിത് പ്രേമദാസ, എൽ.ടി.ടി.ഇയുമായുള്ള സൈനിക പോരാട്ടത്തിൽ വിജയിച്ച ആർമി കമാൻഡർ ഫീൽഡ് മാർഷൽ ശരത് ഫൊൻസേക എന്നിവരുടെ പേരുകളും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നുണ്ട്. ചൊവ്വാഴ്ചയാണ് മത്സരരംഗത്തുള്ളവരുടെ പേരുകൾ പാർലമെന്റ് പ്രസിദ്ധപ്പെടുത്തുക. ഒന്നിൽ കൂടുതൽ സ്ഥാനാർഥികൾ ഉണ്ടെങ്കിൽ ബുധനാഴ്ച വോട്ടെടുപ്പ് നടക്കും.
1978നുശേഷം പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ പാർലമെന്റ് വോട്ട് ചെയ്തിട്ടില്ല. 1982, 1988, 1994, 1999, 2005, 2010, 2015, 2019 എന്നീ വർഷങ്ങളിൽ ജനകീയ വോട്ടിലൂടെയാണ് തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.