പ്രക്ഷോഭത്തെ തുടർന്ന് ജനം കൈയടക്കിയ ശ്രീലങ്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്കുള്ളിലെത്തി പടമെടുക്കുന്നവർ

കൊട്ടാരം വിടാതെ ജനം

കൊളംബോ: പ്രസിഡന്റ് ഗോടബയ രാജപക്സക്കെതിരെ ആളിക്കത്തിയ പ്രക്ഷോഭത്തിന് ശമനമില്ലാതെ ശ്രീലങ്ക. ഗോടബയ സ്ഥാനമൊഴിയും വരെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലും പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റിലും തുടരുമെന്ന നിലപാടിലാണ് പ്രക്ഷോഭകർ. ഗോടബയ രാജപക്സക്കു പകരം ജൂലൈ 20ന് പാർലമെന്റ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. തിങ്കളാഴ്ച ചേർന്ന സർവകക്ഷി യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായതെന്ന് സ്പീക്കർ മഹിന്ദ യാപ അബേ വർധന അറിയിച്ചു.

താൻ ബുധനാഴ്ച രാജിവെക്കുമെന്ന് പ്രസിഡന്റ് ഗോടബയ രാജപക്സ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ശ്രീലങ്കൻ ഭരണഘടനപ്രകാരം പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവെച്ചാൽ സ്പീക്കർക്ക് 30 ദിവസം പ്രസിഡന്റായി അധികാരത്തിൽ തുടരാം.പാർലമെന്റ് വിളിച്ചുചേർത്ത് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനും പിന്നീട് സർവകക്ഷി സർക്കാർ രൂപവത്കരിക്കാനും ഞായറാഴ്ച പ്രതിപക്ഷപാർട്ടികളുടെ യോഗത്തിൽ ധാരണയായിരുന്നു.

ശനിയാഴ്ച ആയിരക്കണക്കിന് പ്രേക്ഷാഭകർ കൊളംബോയിലെ പ്രസിഡന്റിന്റെ കൊട്ടാരം കൈയേറിയതിനു പിന്നാലെയാണ് താൻ രാജിവെക്കുമെന്ന് രാജപക്സ പ്രഖ്യാപിച്ചത്. സർവകക്ഷി സർക്കാർ രൂപവത്കരിക്കാൻ പ്രധാനമന്ത്രിയും രാജിസന്നദ്ധത അറിയിച്ചിരുന്നു. പ്രസിഡന്റ് രാജിവെക്കുന്നതുവരെ കൊട്ടാരം ഒഴിയില്ലെന്ന് പ്രേക്ഷാഭകർ പ്രഖ്യാപിച്ചിട്ടുണ്ട്.

ജനം കൊട്ടാരം കൈയേറുന്നതിന് തൊട്ടുമുമ്പാണ് വൻ സൈനിക സുരക്ഷയിൽ രാജപക്സ സ്ഥലം വിട്ടത്. അദ്ദേഹം അയൽരാജ്യത്തേക്ക് പോയതായാണ് ആദ്യ റിപ്പോർട്ട്. എന്നാൽ, ഇത് സ്ഥിരീകരിച്ചിരുന്നില്ല. അതേസമയം, 73കാരനായ പ്രസിഡന്റ് ഗോടബയ രാജപക്സ രാജ്യംവിട്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചു. എന്നാൽ അദ്ദേഹം എവിടെയാണുള്ളതെന്ന് വ്യക്തമല്ല.

കൊളംബോ വിമാനത്താവളത്തിനടുത്താണുള്ളതെന്നും അദ്ദേഹം ഏതുസമയത്തും രാജ്യം വിടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. അതേസമയം പ്രസിഡന്റ് കൊട്ടാരം വിട്ടെങ്കിലും അദ്ദേഹത്തിന്റെ ഓഫിസിൽനിന്ന് പ്രസിഡന്റിന്റെ പ്രസ്താവനകൾ പുറത്തുവരുന്നുണ്ട്. സർവകക്ഷി സർക്കാർ രൂപവത്കരിച്ചാൽ ചുമതലകൾ കൈമാറാൻ തയാറാണെന്ന് നിലവിലെ മന്ത്രിമാർ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ അറിയിച്ചു. അഞ്ചു മന്ത്രിമാർ രാജിവെക്കാൻ സന്നദ്ധത അറിയിച്ചു.

സ്പീക്കറുടെ ഓഫിസ് മുഖേന മാത്രമേ പ്രസിഡന്റിന്റെ അറിയിപ്പുകൾ നൽകുകയുള്ളൂവെന്ന് പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു. കഴിഞ്ഞ മേയിൽ മഹിന്ദ രാജപക്സ രാജിവെച്ചതോടെയാണ് പ്രസിഡന്റ് ഗോടബയ രാജപക്സ റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിച്ചത്.  

Tags:    
News Summary - Sri Lanka: People without leaving the palace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.