ശ്രീലങ്ക: പ്രസിഡന്‍റ് ഗോടബയ രജപക്സ രാജിവെച്ചു

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്‍റ് ഗോടബയ രജപക്സ രാജിവെച്ചു. പ്രസിഡന്‍റിന്‍റെ രാജിക്കത്ത് ലഭിച്ചതായി പാർലമെന്‍റ് സ്പീക്കറുടെ ഓഫിസ് സ്ഥിരീകരിച്ചു. വൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ശ്രീലങ്കയിൽ പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവിൽ പ്രതിഷേധത്തിനിറങ്ങിയത്. പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതി ഉൾപ്പെടെ പ്രക്ഷോഭകർ കൈയേറിയിരുന്നു. പ്രക്ഷോഭകരെ തടയാൻ ശ്രീലങ്കൻ സൈന്യം പാർലമെന്റിനു സമീപം ടാങ്കുകൾ വിന്യസിച്ചിരിക്കയാണ്.


ജനകീയ പ്രക്ഷോഭത്തെ പേടിച്ച് നാടുവിട്ട ഗോടബയ സൗദി അറേബ്യയിലേക്ക് പോകാൻ ഒരുങ്ങുന്നതായാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. കുടുംബത്തോടൊപ്പം മാലദ്വീപിലേക്ക് കടന്ന ഗോടബയ പിന്നീട് സിംഗപ്പൂരിലെത്തിയിരുന്നു. അതേസമയം, ഗോടബയ അഭയം ആവശ്യപ്പെടുകയോ തങ്ങൾ അഭയം നല്‍കുകയോ ചെയ്തിട്ടില്ലെന്ന് സിംഗപ്പൂര്‍ അധികൃതർ വ്യക്തമാക്കി. സിംഗപ്പൂർ വഴി സൗദിയിലെത്താനാണ് ഗോടബയയുടെ ശ്രമമെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.


Full View

ബുധനാഴ്ച രാജിക്കത്ത് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വാക്കു പാലിക്കാൻ ഗോടബയ തയാറായിരുന്നില്ല. മാലദ്വീപിൽ നിന്ന് സൗദി വിമാനത്തിലാണ് ഗോടബയ സിംഗപ്പൂരിലേക്ക് പറന്നത്. വ്യാഴാഴ്ച രാത്രിയോടെ ഗോടബയയും സംഘവും സിംഗപ്പൂരിലെത്തി.

ജനകീയ പ്രക്ഷോഭത്തിൽ അടിപതറിയ ഗോടബയ അറസ്റ്റ് ഭയന്നാണ് ആദ്യം മാലദ്വീപിലേക്ക് പറന്നത്. മാലദ്വീപിൽ പ്രതിപക്ഷ പാർട്ടികൾ എതിർത്തതിനെ തുടർന്ന് സൗദി വിമാനത്തിൽ സിംഗപ്പൂരിലേക്ക് പറക്കുകയായിരുന്നു. അവിടെ നിന്ന് ഉടൻ ജിദ്ദയിലെത്തുമെന്നാണ് അഭ്യൂഹം. ഇതേ കുറിച്ച് സൗദി പ്രതികരിച്ചിട്ടില്ല. 

തിരശ്ശീല വീണ് രാജപക്സ കുടുംബവാഴ്ച

കൊളംബോ: രണ്ടു പതിറ്റാണ്ടു കാലം ശ്രീലങ്കൻ രാഷ്ട്രീയം നിയന്ത്രിച്ചുനിർത്തിയ കുടുംബവാഴ്ചക്കാണ് ജനം നേരിട്ടിറങ്ങി അന്ത്യം കുറിച്ചിരിക്കുന്നത്. പ്രസിഡന്റായി ഗോടബയയും പ്രധാനമന്ത്രിയായി മഹിന്ദയുമടക്കം നാലു സഹോദരന്മാരും അവരുടെ മക്കളും ചേർന്ന് അധികാരം പങ്കിട്ടെടുത്ത രാജ്യത്താണ് ഒടുവിൽ അധികാരനഷ്ടവും നാണംകെട്ട ഒളിച്ചോട്ടവും.

ഗോടബയയും മഹിന്ദയും മാത്രമല്ല, സഹോദരന്മാരായ ബാസിലും ചമലും അധികാരത്തിന്റെ ഇടനാഴികളിൽ നിറഞ്ഞുനിന്നവരായിരുന്നു. ഇവരുടെ മക്കളോ അടുത്ത ബന്ധുക്കളോ ആയ നമൽ, യോശിദ, ശശീന്ദ്ര എന്നിവരും ഉന്നത പദവികൾ വഹിച്ചു. ജനം പ്രതിഷേധം കനപ്പിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് ബാസിൽ, നമൽ, ശശീന്ദ്ര എന്നിവർ അധികാരം വിട്ടത് ഏപ്രിലിൽ. മഹിന്ദ കഴിഞ്ഞ മേയിൽ രാജി നൽകിയതോടെ ചീഫ് ഓഫ് സ്റ്റാഫായിരുന്ന സ്വന്തം മകൻ യോഷിതിനും പണി പോയി.

അഞ്ചു വർഷ കാലാവധി അവസാനിക്കുന്ന 2024 വരെ അധികാരം വിടില്ലെന്നായിരുന്നു ഏറ്റവുമൊടുവിൽ പോലും ഗോടബയയുടെ പ്രഖ്യാപനം. എന്നാൽ, ഇനിയൊരു നാൾപോലും വെച്ചുപൊറുപ്പിക്കാനില്ലെന്നറിയിച്ച് ജനം നേരിട്ട് കൊട്ടാരത്തിലെത്തിയതോടെ ഒളിച്ചോടാനായിരുന്നു പ്രസിഡന്റിന്റെ വിധി. 

മുമ്പ് മഹിന്ദയുടെ നേതൃത്വത്തിൽ എൽ.ടി.ടി.ഇയെ ഇല്ലാതാക്കുമ്പോൾ പ്രതിരോധ വകുപ്പ് ഭരിച്ച് തുടങ്ങിയതാണ് ഗോടബയ. അമേരിക്കൻ ഇരട്ട പൗരത്വം ഉപേക്ഷിച്ച് പ്രസിഡന്റ് പദം കൈയാളുമ്പോഴാണ് രാജ്യം വറചട്ടിയിൽനിന്ന് എരിതീയിലേക്ക് വീഴുന്നതും ഒളിച്ചോടേണ്ടിവരുന്നതും.

ജൂലൈ അഞ്ചിന് പാർലമെന്റിൽനിന്ന് കൂകിയോടിച്ച ഗോടബയ വ്യാഴാഴ്ചയാണ് ഇ-മെയിൽ വഴി രാജിക്കത്ത് നൽകിയത്. 69.2 ലക്ഷം ജനങ്ങളുടെ (വോട്ടർമാരുടെ 52.25 ശതമാനം) വോട്ടുവാങ്ങിയാണ് താൻ അധികാരത്തിലെത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്രയും നാൾ ഗോടബയ അധികാരമൊഴിയാൻ മടിച്ചത്.  ഭീകരതയിൽനിന്ന് രാജ്യത്തിന്റെ രക്ഷകനാണ് താനെന്നും അദ്ദേഹം പറയുന്നു.

എന്നാൽ, എൽ.ടി.ടി.ഇയെ തുരത്തിയ സൈനിക തന്ത്രമോ തലസ്ഥാന നഗരത്തെ സൗന്ദര്യവത്കരിക്കാൻ കാണിച്ച മിടുക്കോ ജനം ഇപ്പോൾ പരിഗണനക്കെടുക്കുന്നേയില്ല.

കർഷകർക്ക് രാസവളം നിഷേധിച്ചും നികുതി വെട്ടിക്കുറച്ചും രാജ്യത്തെ കടക്കെണിയിലാക്കിയ ഗോടബയയോട് മാത്രമല്ല, ആ കുടുംബത്തോടുമിപ്പോൾ ജനത്തിന് വെറുപ്പാണ്.

മരുന്നില്ല; ലങ്കയിൽ രോഗം വന്നാൽ കുടുങ്ങും

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ധനമില്ലാതെ കുരുങ്ങിയ ശ്രീലങ്കയെ തുറിച്ചുനോക്കി മരുന്ന് ക്ഷാമവും. അവശ്യ മരുന്നുകളുടെ ദൗർലഭ്യമാണ് രാജ്യത്ത് ആശുപത്രികളെ വലക്കുന്നത്. വിദേശത്തുള്ള ശ്രീലങ്കൻ പൗരന്മാരുടെ സഹായം തേടി ഡോക്ടർമാർ സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുണ്ട്.

വൃക്ക മാറ്റിവെക്കൽ നടത്തിയവർ, അർബുദ ബാധിതർ തുടങ്ങിയവരാണ് കൂടുതൽ പ്രയാസത്തിലുള്ളത്. ശസ്ത്രക്രിയ നടത്താനുള്ള വസ്തുക്കളുടെ ക്ഷാമവും അലട്ടുന്നുണ്ട്. പേപ്പട്ടി വിഷം, അപസ്മാരം, ലൈംഗിക രോഗങ്ങൾ എന്നിവക്കുള്ള മരുന്നുകൾക്കും ദൗർലഭ്യമുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. കടുത്ത പ്രതിസന്ധിയിൽ രാജ്യത്തെ സഹായിക്കാനാവശ്യപ്പെട്ട് നിലവിൽ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന റനിൽ വിക്രമസിംഗെയും എത്തിയിരുന്നു.

ഇനി എന്ത്?

കൊളംബോ: പ്രസിഡന്റ് രാജിവെക്കുന്നതോടെ പിൻഗാമിയെ കണ്ടെത്തലാണ് ശ്രീലങ്ക കാത്തിരിക്കുന്ന വലിയ കടമ്പ. ഒരു മാസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനെ കണ്ടെത്തണം. നിലവിലെ പ്രധാനമന്ത്രിയും പാർലമെന്റ് സ്പീക്കറുമാണ് ഇതിന് നേതൃത്വം നൽകേണ്ടത്. നിലവിലെ സഭയുടെ കാലാവധി കഴിയുംവരെയാകും അദ്ദേഹത്തിന്റെ കാലാവധി. അതുകഴിഞ്ഞ് തെരഞ്ഞെടുപ്പ് നടത്തി പിൻഗാമിയെ കണ്ടെത്തണം. അടുത്ത സർക്കാറിനെ നയിക്കാൻ തയാറാണെന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Sri Lanka: President Gotabaya Rajapaksa resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.