അനുര കുമാര ദിസനായകെ


ശ്രീലങ്കയിൽ പ്രസിഡന്‍റു പദത്തിനരികെ ദിസനായകെ; രണ്ടാം റൗണ്ടും എണ്ണിയാലേ ഉറപ്പിക്കാനാവൂ എന്ന് തെരഞ്ഞെടുപ്പ് കമീഷൻ

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്‍റ്  തെരഞ്ഞെടുപ്പിൽ നാഷണൽ പീപ്പിൾസ് പവർ (എൻ.പി.പി) എന്ന വിശാല മുന്നണിയുടെ നേതാവ് അനുര കുമാര ദിസനായകെ വിജയത്തിലേക്ക് അടുക്കവെ നിർണായക നീക്കവുമായി തെര​ഞ്ഞെടുപ്പ് കമീഷൻ. വിജയിയായി പ്രഖ്യാപിക്കണമെങ്കിൽ നിർബന്ധമായും 50 ശതമാനം വോട്ടുകൾ നേടണമെന്ന മാനദണ്ഡം നിലനിൽക്കെ, മുന്നിലുള്ള രണ്ട് സ്ഥാനാർഥികൾക്കും ആദ്യ റൗണ്ടിൽ അതിലേക്കെത്താനായില്ലെന്നും രണ്ടാംവട്ടം എണ്ണിയാലേ ഇവരിലെ വിജയിയെ പ്രഖ്യാപിക്കാനാവൂ എന്നും തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു.

ഇടതുപക്ഷ ചായ്‌വുള്ള അനുര കുമാര ദിസനായകെ ആദ്യ റൗണ്ടിൽ  39.5ശതമാനം വോട്ടുകൾ നേടി ജയം ഉറപ്പിച്ചിരിക്കെയാണ് ഈ തീരുമാനം. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ 34 ശതമാനം നേടി രണ്ടാം സ്ഥാനത്താണുള്ളത്. 17 ശതമാനവുമായി മൂന്നാമതെത്തിയ നിലവിലെ​ പ്രസിഡന്‍റ്  റനിൽ വിക്രമസിംഗെ ഉൾപ്പെടെ ശേഷിക്കുന്ന എല്ലാ സ്ഥാനാർഥികളെയും അയോഗ്യരാക്കിയതായി തെരഞ്ഞെടുപ്പ് കമീഷൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിജയിയെ നിർണയിക്കാൻ മുൻഗണനാ വോട്ടുകൾ ഉപയോഗിച്ച് രണ്ടാം റൗണ്ട് വോട്ടെണ്ണൽ നടക്കുമെന്നും അറിയിച്ചു.

ഇടതുപാർട്ടിയായ മാർക്സിസ്റ്റ് ജെ.വി.പിയിൽ നിന്നാണ് 56 കാരനായ ദിസനായകെയുടെ വരവ്. 2022ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഇതാദ്യമായാണ് ശ്രീലങ്കക്കാർ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യുന്നത്. അതിനാൽ തന്നെ പ്രസിഡന്‍റു പദവിയിൽ എത്തിയാൽ തകർച്ച നേരിട്ട ദ്വീപ് രാഷ്ട്രത്തി​ന്‍റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതുൾപ്പെടെ അടിയന്തര വെല്ലുവിളികൾ ദിസനായകെക്ക് നേരിടേണ്ടിവരും.

കടംകൊണ്ട് വലഞ്ഞ രാജ്യത്തെ ജനങ്ങൾക്ക് കൂടുതൽ സാമ്പത്തിക ആശ്വാസം നൽകുന്നതിനായി രാജ്യത്തെ ഐ.എം.എഫ് (അന്തർദേശീയ നാണയ നിധി) പദ്ധതിയിൽ മാറ്റം വരുത്തുമെന്ന് അദ്ദേഹം പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. തെരഞ്ഞെടുക്ക​പ്പെട്ടാൽ അദാനി ഗ്രൂപ്പി​ന്‍റെ ശ്രീലങ്കയിലെ കാറ്റാടി വൈദ്യുതി പദ്ധതി റദ്ദാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. മേഖലയിൽ 484 മെഗാവാട്ട് കാറ്റാടി വൈദ്യുതി വികസിപ്പിക്കുന്നതിനുള്ള 20 വർഷത്തെ കരാറിൽ 440 മില്യൺ ഡോളറിലധികം നിക്ഷേപിക്കാൻ അദാനി ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. ദ്വീപ് രാഷ്ട്രത്തി​ന്‍റെ വടക്കുകിഴക്കൻ പ്രദേശങ്ങളായ മാന്നാറിലും പൂനേരിനിലും പദ്ധതിക്ക് അനുമതി നൽകിയതിനു പിന്നാലെ അദാനി ഗ്രൂപിനെതിരെ ശ്രീലങ്കൻ സുപ്രീം കോടതിയിൽ മൗലികാവകാശ ലംഘനം ചൂണ്ടിക്കാട്ടി ഹരജി ഫയൽ ചെയ്തിട്ടുണ്ട്. പാരിസ്ഥിതിക ആശങ്കകളും അദാനി ഗ്രീൻ എനർജിക്ക് അനുമതി നൽകാനുള്ള പ്രക്രിയയിലെ സുതാര്യതയില്ലായ്മയും ഹരജിക്കാർ ഉന്നയിച്ചിട്ടുണ്ട്.

യൂനിവേഴ്‌സിറ്റി വിദ്യാർഥികളുടെയും അധ്യാപകരുടെയും തൊഴിലാളിവർഗത്തി​ന്‍റെയും പിന്തുണ ആർജിച്ച് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദിസനായകെയുടെ ജനപ്രീതി കുതിച്ചുയർന്നു. കടുത്ത കടക്കെണിയിൽ ഉഴലുന്ന രാജ്യത്ത് അഴിമതി വിരുദ്ധതയുടെയും സംശുദ്ധമായ ഭരണത്തി​ന്‍റെയും പ്രതിച്ഛായ ഉയർത്തിയാണ് അദ്ദേഹം പ്രചാരണം നടത്തിയത്. 2022 ലെ ‘അരഗാലയ’ പ്രസ്ഥാനത്തി​ന്‍റെ ഭാഗമായ യുവാക്കളുടെയും പ്രതിഷേധക്കാരുടെയും പിന്തുണയോട ഒരു മാറ്റത്തി​ന്‍റെ നിർമാതാവായി ദിസനായകെ സ്വയം അവതരിച്ചു.

വോട്ടെണ്ണലി​ന്‍റെ തുടക്കംതന്നെ ദിസനായകെക്ക് അനുകൂലമായാണ് നീങ്ങിയത്. വിവിധ ജില്ലകളിൽ നിന്നുള്ള 168 പാർലമെന്‍ററി സീറ്റുകളിലാണ് മൽസരം. ഞായറാഴ്ച രാവിലെ 7 മണിയായപ്പോൾ തന്നെ ദിസനായകെ 727,000 വോട്ടുകൾ നേടുകയുണ്ടായി. പ്രധാന പ്രതിപക്ഷ നേതാവായ പ്രേമദാസ 333,000 വോട്ടുകളും നിലവിലെ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ 235,000 വോട്ടുകളുമാണ് നേടിയത്. 2019 നവംബറിലെ മുൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ 83 ശതമാനത്തെ അപേക്ഷിച്ച് 75 ശതമാനം മാത്രമാണ് ഇത്തവണത്തെ പോളിങ്.

Tags:    
News Summary - Sri Lanka presidential election goes to second count ; Dissanayake on the verge of becoming president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.