കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാകാത്ത പ്രസിഡന്റ് ഗോടബയ രാജപക്സ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാർ കൊളംബോയിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചു കയറി. പ്രതിഷേധക്കാരെ ബാരിക്കേഡും ജല പീരങ്കിയും ഉപയോഗിച്ച് തടയാനാകാതെ വന്നതോടെ സൈന്യം ആകാശത്തേക്ക് വെടിവെച്ചു. പൊലീസിന്റെ ബാരിക്കേഡുകൾ തകർത്ത് പ്രതിഷേധക്കാർ പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചു കയറി.
എന്നാൽ പ്രതിഷേധമുണ്ടാകുമെന്നും സാഹചര്യം നിയന്ത്രണാതീതമാകുമെന്നുമുള്ള ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് രാജപക്സ കഴിഞ്ഞ രാത്രി തന്നെ ഔദ്യോഗിക വസതി വിട്ട് സൈനിക ഹെഡ്ക്വാർട്ടേഴ്സിലേക്ക് മാറിയിരുന്നു. പ്രസിഡന്റിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ ആദ്യം നൽകിയ വിവരം. കർശന സുരക്ഷയുള്ള വസതിയിലേക്ക് ജനക്കൂട്ടം ഇരച്ചു കയറുന്നതിന്റെ ദൃശ്യങ്ങൾ സ്വകാര്യ ബ്രോഡ്കാസ്റ്ററായ സിരാസ ടി.വി സംപ്രേഷണം ചെയ്തിട്ടുണ്ട്.
Protestors enter Presidential Secretariat. Cheers and applause heard.
— Jamila Husain (@Jamz5251) July 9, 2022
Video - Social Media #SriLanka #SriLankaProtests pic.twitter.com/1rHuxeAVxC
ശ്രീലങ്കൻ ദേശീയ പതാക, ഹെൽമെറ്റുകൾഎന്നിവ കൈയിലേന്തിയാണ് പ്രതിഷേധക്കാർ പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചു കയറിയത്. പൊലീസ് മേധാവിക്കെതിരെ കേസെടുക്കുമെന്ന്
പ്രതിപക്ഷ പാർട്ടികളും സാമൂഹിക പ്രവർത്തകരും ബാർ അസോസിയേഷനും ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് വെള്ളിയാഴ്ച പുറപ്പെടുവിച്ച കർഫ്യൂ ഉത്തരവ് പൊലീസ് പിൻവലിച്ചിരുന്നു. അതിനു പിന്നാലെയാണ് റാലി നടന്നത്.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചെങ്കിലും പ്രതിഷേധം നിയന്ത്രിക്കാൻ പൊലീസിനായില്ല.
ഭക്ഷ്യ-ഇന്ധന ദൗർലഭ്യം, പ്രധാന ചരക്കുകൾ ഇറക്കുമതി ചെയ്യുന്നതിനായി വിദേശ നാണ്യത്തിന്റെ ക്ഷാമം, കുതിച്ചുയരുന്ന പണപ്പെരുപ്പം തുടങ്ങി വിവിധ പ്രശ്നങ്ങളാണ് ശ്രീലങ്കയെ മാസങ്ങളോളമായി അലട്ടുന്നത്.
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ ജനങ്ങളുടെ പ്രതിഷേധമായാണ് വലിയ ജനക്കൂട്ടം തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്. രൂക്ഷമായ ഇന്ധനക്ഷാമം നേരിടുമ്പോഴും പ്രതിഷേധത്തിനായി ആളുകൾ വിവിധയിടങ്ങളിൽ നിന്ന് കൊളംബോയിലേക്ക് എത്തി. അതിനായി റെയിൽവേ അധികൃതരെ ട്രെയിൻ സർവീസ് നടത്താൻ നിർബന്ധിക്കുകയും ചെയ്തു.
Protestors inside the President's House. #SriLanka #SriLankaProtests pic.twitter.com/9yuoNltFev
— Jamila Husain (@Jamz5251) July 9, 2022
'എന്റെ ഇതുവരെയുള്ള ജീവിതത്തിൽ രാജ്യം ഒരു പരാജിതനായ ഭരണാധികാരിയെ പുറത്താക്കാനായി ഇതുപോലെ ഒറ്റക്കെട്ടായി നിന്ന സന്ദർഭം കണ്ടിട്ടില്ലെന്ന് മുൻ ശ്രീലങ്കൻ ക്രിക്കറ്റർ സനത് ജയസൂര്യ പറഞ്ഞു. എഴുത്ത് നിങ്ങളുടെ ഔദ്യോഗിക വസതിയുടെ ചുമരിലുണ്ട്. സമാധാനത്തിനായി പോകൂ. - ഗോഹോംഗോട എന്ന ഹാഷ്ടാഗിലാണ് ജയസൂര്യ ട്വീറ്റ് ചെയ്തത്.
അതേസമയം, ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ അടിയന്തര മന്ത്രിസഭായോഗം വിളിച്ചു ചേർത്തിട്ടുണ്ട്. സ്പീക്കറോട് പാർലമെന്റ് വിളിച്ചുചേർക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.