മുൻ പ്രസിഡന്റ് ഗോടബയ രാജപക്സ ശ്രീലങ്കയിലേക്ക് ഉടൻ മടങ്ങുമെന്ന് റിപ്പോർട്ട്

കൊളംബോ: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജ്യത്ത്നിന്ന് പലായനം ചെയ്ത മുൻ പ്രസിഡന്റ് ഗോടബയ രാജപക്സ ശ്രീലങ്കയിലേക്ക് മടങ്ങാനൊരുങ്ങുന്നതായി റിപ്പോർട്ട്. സിംഗപ്പൂരിലാണ് ഗോടബയ ഇപ്പോഴുള്ളത്. ഇവിടെ നിന്ന് സൗദിയിലേക്ക് കടക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നുവെങ്കിലും സ്ഥിരീകരണം ലഭിച്ചിരുന്നില്ല. രണ്ടാഴ്ചയായി സിംഗപ്പൂരിൽ തന്നെ കഴിയുകയാണ് ഗോടബയയും കുടുംബവും. ഈ മാസം 15നാണ് ഗോടബയ രാജിക്കത്ത് നൽകിയത്. പിന്നാലെ റനിൽ വിക്രമസിംഗെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

''ലഭ്യമായ വിവരമനുസരിച്ച് എത്രയും വേഗം ഗോടബയ മടങ്ങിയെത്തുമെന്നാണ് കരുതുന്നത്.''-കാബിനറ്റ് വക്താവ് ബന്ദൂല ഗുണവർധന മാധ്യമങ്ങളോട് പറഞ്ഞു. എത്രയും പെ​ട്ടെന്ന് മടങ്ങിയെത്തി ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയുടെ പ്രാന്തപ്രദേശത്തുള്ള തന്റെ സ്വകാര്യ വസതിയിൽ വീണ്ടും താമസിക്കാൻ ഗോടബയ ആഗ്രഹിക്കുന്നതായി ശ്രീലങ്കൻ സർക്കാർ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.

സ്വകാര്യ സന്ദർശനത്തിനാണ് സിംഗപ്പൂർ ഗോടബയക്ക് അനുമതി നൽകിയത്. സാധാരണ ശ്രീലങ്കൻ പൗരൻമാർക്ക് 30 ദിവസത്തെ വിസ സിംഗപ്പൂർ അനുവദിക്കാറുണ്ട്. എന്നാൽ ഗോടബയക്ക് അതു ലഭിച്ചില്ലെന്നും അതാണ് തിടുക്കത്തിൽ രാജ്യത്തേക്ക് മടങ്ങാനുള്ള പ്രേരണയെന്നും റിപ്പോർട്ടുണ്ട്. ഇതെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് സിംഗപ്പൂർ അധികൃതർ പ്രതികരിച്ചിട്ടില്ല. നിലവിൽ ശ്രീലങ്കയിൽ ​വിക്രമസിംഗെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ നിലനിൽക്കുകയാണ്. അടിയന്തരാവസ്ഥയായതിനാൽ ആരെയും അറസ്റ്റ് ചെയ്യാനുള്ള അധികാരവും പൊലീസിനുണ്ട്. വിക്രമസിംഗെ രാജിവെക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Sri Lanka’s ex-president Gotabaya Rajapaksa likely to return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.