‘ബംഗ്ലാദേശിൽ ഹിന്ദുഷോപ്പ് മുസ്‍ലിംകൾ കൊള്ളയടിക്കുന്നു’ -പ്രചരിക്കുന്ന വിഡിയോയു​ടെ സത്യം അറിയാം FACT CHECK

വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ച് നാടുവിട്ട ബംഗ്ലാദേശിൽ ഇനിയും പ്രതിഷേധത്തീ അടങ്ങിയിട്ടില്ല. സമരം ചെയ്ത വിദ്യാർഥികളെ കൂട്ടക്കൊലക്ക് ഇരയാക്കാൻ ഒത്താശ ചെയ്ത ശൈഖ് ഹസീന ഭരണകൂടത്തിലെ ഉന്നതർക്കും അവാമി ലീഗ് നേതാക്കൾക്കുമെതിരെ സമരക്കാർ അക്രമം അഴിച്ചുവിടുന്നുണ്ട്. ഇതിൽ മുസ്‍ലിംകളും ഹിന്ദുക്കളും എല്ലാം ഉൾപ്പെടും. എന്നുമാത്രമല്ല, ഇരുപക്ഷത്തും കൊല്ലപ്പെട്ടവരിലും ആക്രമത്തിനിരയായവരിലും ഭൂരിഭാഗവും ഇസ്‍ലാം മതവിശ്വാസികളാണ്. ന്യൂനപക്ഷമായ ഹിന്ദുക്കൾക്ക് നേരെയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, മുസ്‍ലിംകൾക്കും അവരുടെ വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങളെയും കൊലപാതകങ്ങളെയും പോലും ന്യൂനപക്ഷത്തിന് നേരെ നടക്കുന്ന വർഗീയാക്രമണമായി ചിത്രീകരിച്ച് ഇന്ത്യയിൽ വ്യാജപ്രചാരണം അഴിച്ചുവിടുകയാണ് സംഘ്പരിവാർ അനുകൂലികളും ഒരുകൂട്ടം മാധ്യമങ്ങളും.


ഒരു മാസത്തെ രാജ്യവ്യാപകമായ വിദ്യാർഥി പ്രക്ഷോഭത്തിന് ശേഷം ആഗസ്ത് അഞ്ചിനാണ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തതത്. ഇതോടെ അഭൂതപൂർവമായ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ ബംഗ്ലാദേശിൽ നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസി​ന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റ​തോടെ സംഘർഷത്തിന് നേരിയ അയവുണ്ട്.

അതിനിടെ, ഹിന്ദുവിന്റെ ഉടമസ്ഥതയിലുള്ള ബംഗ്ലാദേശിലെ ഒരു ഷോപ്പിങ് ഔട്ട്‌ലെറ്റ് കൊള്ളയടിക്കുന്നതായി ആരോപിച്ച് ഇന്ത്യയിൽ സംഘ്പരിവാറുകാർ പ്രചരിപ്പിക്കുന്ന വിഡിയോയുടെ യാഥാർഥ്യം പുറത്തുവിട്ടിരിക്കുകയാണ് വസ്ത​ുതാന്വേഷണ വെബ്സൈറ്റായ ആൾട്ട് ന്യൂസ്. നിരവധി വലതുപക്ഷ അക്കൗണ്ടുകളാണ് വിഡിയോ ഷെയർ ചെയ്തത്. @VoiceofHindu71 എന്ന ഉപയോക്താവ് പങ്കിട്ട ഈ വിഡിയോ ലക്ഷക്കണക്കിന് പേവരാണ് ഇതിനകം കാണുക​യും ഷെയർചെയ്യുകയും ചെയ്തത്. വ്യാജവാർത്തകൾ നിരന്തരം പ്രചരിപ്പിക്കുന്ന @visegrad24 എന്ന അക്കൗണ്ടും ഇതേ അവകാശവാദത്തോടെ വിഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ ട്വീറ്റും ലക്ഷക്കണക്കിനാളുകൾ ഇതിനകം കണ്ടുകഴിഞ്ഞു.

കൊള്ളയടിക്കപ്പെട്ട ഷോപ്പ് ആരുടേതാണ്?

‘യെല്ലോ’ എന്ന ബ്രാൻഡിലുള്ള ഷോപ്പാണ് ബംഗ്ലാദേശിൽ പകൽക്കൊള്ളക്ക് ഇരയായത്. ഷോപ്പിൽനിന്ന് സാധനങ്ങൾ കടത്തുന്ന പലരുടെയും കൈകളിൽ ‘യെല്ലോ’ എന്ന പേരിലുള്ള കവർ ഉള്ളതായി വിഡിയോയിൽ കാണാം. സംഘ്പരിവാർ അനുകൂലികൾ പ്രചരിപ്പിക്കുന്ന വിഡിയോയിൽ, ‘ഓൺ ഫയർ’ എന്ന പേരിലുള്ള ഒരു കട കാണാം. സംഭവം നടന്ന ധാക്കയിലെ മുഹമ്മദ്പൂരിൽ ഗൂഗ്ൾ മാപ്‌സ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ‘യെല്ലോ’ എന്ന ബംഗ്ലാദേശി ബ്രാൻഡിൻ്റെ നിരവധി ഔട്ട്‌ലെറ്റുകളിൽ ഒന്നാണ് കൊള്ളയടിക്കപ്പെട്ടതെന്ന് ആൾട്ട് ന്യൂസ് സ്ഥിരീകരിച്ചു.

ബംഗ്ലാദേശ് എക്‌സ്‌പോർട്ട് ഇംപോർട്ട് കമ്പനി ലിമിറ്റഡ് (BEXIMCO) എന്ന മാതൃ ബ്രാൻഡിന് കീഴിലുള്ള YELLOWക്ക് ബംഗ്ലാദേശിലുടനീളം 19 സ്റ്റോറുകളുണ്ട്. ഇതുകൂടാതെ ബംഗ്ലാദേശിലും കാനഡയിലും ഓൺലൈൻ പ്ലാറ്റ്‌ഫോമും ഉണ്ട്. വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, സാധനങ്ങൾ, വീട്ടുപകരണങ്ങൾ, സെറാമിക്സ്, പെയിന്റിങ്ങുകൾ, പുസ്തകങ്ങൾ എന്നിവയാണ് പ്രധാന ഉൽപന്നങ്ങൾ. 1970കളിൽ അഹമ്മദ് സുഹൈൽ ഫാസിഹുർ റഹ്‌മാൻ, സൽമാൻ ഫസ്‌ലുർറഹ്‌മാൻ എന്നീ സഹോദരങ്ങൾ ചേർന്ന് സ്ഥാപിച്ച ബംഗ്ലാദേശിലെ ഏറ്റവും വലിയ പ്രൈവറ്റ് കമ്പനിയാണ് ഇത്. മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ​​ശൈഖ് ഹസീനയുടെ വ്യവസായ, നിക്ഷേപ ഉപദേഷ്ടാവായിരുന്നു സൽമാൻ ഫസ്‌ലുർറഹ്‌മാൻ. ഇ​ദ്ദേഹത്തിന് കാബിനറ്റ് മന്ത്രി പദവിയുണ്ടായിരുന്നു.

ഹസീന രാജിവെക്കുന്നതിന്റെ തലേന്ന്, ആഗസ്ത് നാലിന് ഞായറാഴ്ച ഇദ്ദേഹം രാജ്യം വിട്ടു. ഇയാളുടെ വീട്ടിൽ അതിക്രമിച്ച് കയറിയ കലാപകാരികൾ വീട്ടുപകരണങ്ങളും മറ്റും കൊള്ളയടിക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. രാജ്യത്തുടനീളം നിരവധി യെല്ലോ സ്റ്റോറുകൾ ആക്രമിക്കപ്പെട്ടു. ധൻമോണ്ടിയിൽ പ്രതിഷേധക്കാർ യെല്ലോ ഷോറൂമിന് തീയിട്ടു. ഫയർ സർവീസ് ഉദ്യോഗസ്ഥരെ പോലും പ്രതിഷേധക്കാർ ആദ്യം തടഞ്ഞതായി ദൃക്‌സാക്ഷികൾ പറയുന്നു. വൈകീട്ടാണ് തീ അണച്ചത്. ഹാലിഷഹറിലെ ഔട്ട്‌ലെറ്റ് കൊള്ളയടിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലുണ്ട്.


ചുരുക്കത്തിൽ, ബംഗ്ലാ​ദേശിലെ ‘ഹിന്ദു ഉടമസ്ഥതയിലുള്ള ഷോപ്പ് പ്രക്ഷോഭകാരികൾ ​കൊള്ളയടിക്കുന്നു’ എന്ന​ പേരിൽ ഇന്ത്യയിൽ പ്രചരിക്കുന്ന ഈ ചിത്രങ്ങളും വിഡയോകളും പൂർണമായും തെറ്റാണ്. ബംഗ്ലാദേശി ശതകോടീശ്വരനും ശൈഖ് ഹസീനയുടെ സാമ്പത്തിക ഉപദേഷ്ടാവുമായ സൽമാൻ ഫസ്‍ലുർറഹ്മാന്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡാണ് ‘​യെല്ലോ’.

ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രത്തിന് തീവെച്ചെന്ന് വ്യാജ പ്രചാരണം; സത്യമിതാണ്... FACT CHECK

'ബംഗ്ലാദേശിൽ മുസ്‌ലിംകൾ കൊലപ്പെടുത്തിയ ഹിന്ദു കുടുംബം'; മരിച്ച മുസ്‌ലിം കുടുംബത്തിന്‍റെ ഫോട്ടോ ഉപയോഗിച്ച് വ്യാപക വിദ്വേഷ പ്രചാരണം -FACT CHECK

പ്ര​​ക്ഷോഭത്തിനിടെ ബംഗ്ലാദേശിൽ ഹിന്ദു പെൺകുട്ടിയോട് കൊടുംക്രൂരതയെന്ന് പ്രചാരണം; സത്യം പുറത്ത്

Full View


Tags:    
News Summary - Stores of Bangladeshi retail brand ‘Yellow’ ransacked; video viral in India with communal spin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.