ഖാർത്തും: സൈന്യം അധികാരത്തിൽ നിന്ന് പുറത്താക്കി അറസ്റ്റ് ചെയ്ത സുഡാൻ പ്രധാനമന്ത്രി അബ്ദുല്ല ഹംദുക്കും ഭാര്യയും സ്വവസതിയിൽ തിരിച്ചെത്തി. പ്രധാനമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ചയാണ് ഹംദുക്കിനെ പുറത്താക്കി സൈന്യം ഭരണം പിടിച്ചെടുത്തത്. പിന്നാലെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സാമ്പത്തിക ശാസ്ത്രജ്ഞനും യു.എൻ മുൻ ഉന്നത ഉദ്യോഗസ്ഥനുമാണ് ഹംദുക്.
സൈനിക മേധാവി ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാെൻറ നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനമുയർന്നതോടെയാണ് ഹംദുക്കിനെയും ഭാര്യയെയും മോചിപ്പിച്ചത്.
സൈനിക അട്ടിമറിക്കു പിന്നാലെ സുഡാന് നൽകി വന്ന സഹായം യു.എസ് റദ്ദാക്കിയിരുന്നു. സഹായം നിർത്തലാക്കുമെന്ന് യൂറോപ്യൻ യൂനിയനും മുന്നറിയിപ്പു നൽകി. ഹംദുക്കിെൻറ മോചനത്തിനായി ലോകരാജ്യങ്ങൾ ഒന്നിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസും ആവശ്യപ്പെട്ടു. ഇപ്പോൾ ഖാർത്തൂമിലെ വസതിയിൽ കനത്ത സുരക്ഷയിലാണ് ഹംദുക്കെന്ന് അദ്ദേഹത്തിെൻറ ഓഫിസ് അറിയിച്ചു.
അറസ്റ്റ് ചെയ്ത പ്രധാനമന്ത്രിയെ അജ്ഞാത കേന്ദ്രത്തിലേക്കാണ് മാറ്റിയിരുന്നത്. സൈനിക അട്ടിമറിയിൽ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധങ്ങൾക്കിടെ ഏഴുപേർ മരിക്കുകയും നിരവധി േപർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുന്നത് ഒഴിവാക്കാനാണ് ഭരണം പിടിച്ചെടുത്തതെന്നും പ്രധാനമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്താണ് അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയതെന്നും അൽ ബുർഹാൻ ജനങ്ങളെ അറിയിച്ചു. സായുധസേനക്കെതിരെ കലാപത്തിനു മുതിർന്നു എന്നാരോപിച്ചു നിരവധി മുതിർന്ന നേതാക്കളെയും സൈന്യം അറസ്റ്റ് ചെയ്തിരുന്നു. 2019ൽ ഉമർ അൽ ബഷീറിെൻറ പതനത്തിനു ശേഷം സൈന്യം നിയമിച്ച സർക്കാറാണ് സുഡാൻ ഭരിക്കുന്നത്. പിന്നീട് സൈന്യത്തിനും ജനകീയ നേതാക്കൾക്കും തുല്യ പ്രാധാന്യമുള്ള ഭരണസംവിധാനമായി.
സുഡാൻ ആഫ്രിക്കൻ യൂനിയനിൽ നിന്ന് പുറത്ത്
ഖാർത്തും: സൈനിക അട്ടിമറി നടന്ന സുഡാനെ ആഫ്രിക്കൻ യൂനിയനിൽ നിന്ന് പുറത്താക്കി. പഴയ സർക്കാർ പുനഃസ്ഥാപിച്ചാൽ സുഡാനെ ആഫ്രിക്കൻ യൂനിയനിൽ തിരിച്ചെടുക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.