തൃക്കരിപ്പൂർ: കോവിഡ് അടച്ചിടൽ കാലത്ത് കളിയും കൂലിയുമില്ലാതെ വാടകമുറിയിൽ കഴിഞ്ഞപ്പോൾ കട്ടക്ക് കൂടെനിന്ന മലയാളികളോട് നന്ദി പറയുകയാണ് ആഫ്രിക്കൻ ഫുട്ബാൾ താരം അമേദു. പശ്ചിമാഫ്രിക്കയുടെ തെക്കൻ തീരദേശമായ ഐവറി കോസ്റ്റിലെ ആബിദ് ജാനിലിരുന്ന് സംസാരിക്കുമ്പോൾ മാതാവ് ആമിനയും ഒപ്പം ചേർന്നു.
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽനിന്ന് ഫുട്ബാൾ അവസരങ്ങൾ തേടി കേരളത്തിലെത്തുന്ന അനേകം യുവാക്കളുടെ പ്രതിനിധിയാണ് അമേദു. ഹെർവേ(23), പാട്രിക്(16) എന്നിവർക്കൊപ്പമാണ് 23കാരനായ അമേദു കഴിഞ്ഞ വർഷം ജനുവരിയിൽ കേരളത്തിലെത്തുന്നത്. മലപ്പുറത്ത് ഒരു ഫുട്ബാൾ ടീമിൽ കളിക്കുന്ന ഇവരുടെ നാട്ടുകാരനായ ഫോർച്യൂൺ വഴിയാണ് തൃക്കരിപ്പൂരിലെ ക്ലബിന് കളിക്കാനായി ഇവർ എത്തുന്നത്. ഒരാൾ വലിയപറമ്പിലെ ക്ലബിെൻറ പരിശീലകനായി എത്തിയതാണ്. ക്ലബുകളുമായി കരാർ ഒപ്പിട്ട ശേഷം കോവിഡ് ലോക്ഡൗണിൽ കുടുങ്ങുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ കൈയിലുള്ള പണം തീർന്നു.
ചിലരൊക്കെ നാട്ടിൽ നിന്ന് പണം വരുത്തി. കളിയിൽനിന്നുള്ള വരുമാനം പ്രതീക്ഷിച്ച് കഴിഞ്ഞിരുന്ന വീട്ടുകാരും ദുരിതത്തിലായതോടെ ഇവരുടെ ജീവിതം തീർത്തും പ്രതിസന്ധിയിലായി. മുറിവാടക ക്ലബ് നൽകിവന്നത് ഇടക്ക് മുടങ്ങി. അവരും കോവിഡ് പ്രതിസന്ധി നേരിട്ടിരുന്നതായി അമേദു മനസ്സിലാക്കുന്നു.തൃക്കരിപ്പൂരിലെ ഫുട്ബാൾ പ്രേമികളുടെയും സുമനസ്സുകളുടെയും സഹായത്തോടെയാണ് പതിനൊന്നുമാസം തള്ളിനീക്കിയത്. ആഹാരത്തിന് പ്രയാസമായിരുന്ന ചിലനേരങ്ങളിൽ തൊട്ടടുത്ത മുറികളിൽ താമസിക്കുന്ന അമ്മമാർ പലവ്യഞ്ജനങ്ങൾ എത്തിച്ചുനൽകി.
ആവശ്യമായ പാത്രങ്ങളും പാചകവാതക സിലിണ്ടറും ഒക്കെ എത്തിച്ചുനൽകിയവരെക്കുറിച്ച് അമേദു മാതാവിനോട് വാചാലനായി. അടച്ചിടലിെൻറ അനിശ്ചിതത്വത്തിനിടയിലാണ് 'മാധ്യമം' ഇവരുടെ ദുരിതജീവിതം പ്രസിദ്ധീകരിക്കുന്നത്. തുടർന്ന് ഹിറ്റാച്ചി എഫ്.സി മുൻകൈയെടുത്ത് ഇവരെ നാട്ടിലയക്കാനുള്ള സംഖ്യ സമാഹരിച്ചു.
മലപ്പുറം സിയാ ഗോൾഡ് മാനേജർ ഫവാസ് വിമാനടിക്കറ്റ് സമ്മാനിച്ചു. നവംബർ 20നാണ് നാട്ടിലേക്ക് തിരിച്ചത്. ആബിദ്ജാനിൽ ട്രെഷ്വിലയിലെ മൈതാനത്ത് ഫുട്ബാൾ പരിശീലനം തുടരുകയാണ് അമേദു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.