ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെ ഏറ്റവും മനോഹരമായി ലോകത്തിന് പരിചയപ്പെടുത്തിയതാണ്, ഫ്രാൻസിസ് മാർപാപ്പയെ കേരളവുമായി അടുപ്പിച്ച ഘടകം. 2024 നവംബർ 30നായിരുന്നു ആ ചരിത്ര സംഭവം. നാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച്, ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ വത്തിക്കാനിൽ ലോകമത പാർലമെന്റ് സംഘടിപ്പിച്ചിരുന്നു. നവംബർ 29, 30, ഡിസംബർ ഒന്ന് തീയതികളിലായി നടന്ന സമ്മേളനത്തിന്റെ രണ്ടാം ദിവസമായിരുന്നു മാർപാപ്പയുടെ ആശിർവാദ പ്രസംഗം.
മതങ്ങൾ നല്ല മാനവരാശിക്കുവേണ്ടി എന്നതായിരുന്നു സർവമത സമ്മേളനത്തിന്റെ മുദ്രാവാക്യം. സമ്മേളന ഹാളിലേക്ക് രാവിലെ കടന്നുവന്ന പോപ്പ് ഫ്രാൻസിസ് ഏറെ ആഹ്ലാദത്തിലായിരുന്നു. ശിവഗിരിയിൽ നിന്നെത്തിയ സന്യാസിമാരെയും ശ്രീനാരായണീയരെയും മലയാളികളെയും പ്രത്യേകം അഭിസംബോധന ചെയ്താണ് മാർപാപ്പ സംസാരം തുടങ്ങിയത്. മാനവകുലം ഒന്നാണെന്നും മത ജാതി ഭാഷ ഭേദങ്ങൾക്കതീതമായി മാനവരാശിയുടെ നല്ല നാളേക്കുവേണ്ടി ഒന്നിക്കുകയെന്നതാണ് ശ്രീനാരായണഗുരുവിന്റെ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിൽനിന്ന്: ‘‘ഇന്ന് ലോകം അനുഭവിക്കുന്ന പ്രതിസന്ധിയുടെ ഒരു കാരണം പവിത്രമായ പാഠങ്ങളോടുള്ള ബഹുമാനക്കുറവാണ്. സാമൂഹികവും മതപരവുമായ ഉന്നതിക്കായി ജീവിതം സമർപ്പിച്ച ആത്മീയ വഴികാട്ടിയും സാമൂഹിക പരിഷ്കർത്താവുമായിരുന്നു ശ്രീനാരായണ ഗുരു. ജാതി സമ്പ്രദായത്തെ എതിർക്കുക വഴി വംശത്തിനും കുലത്തിനും അതീതമായി എല്ലാ മനുഷ്യരും ഒരൊറ്റ കുടുംബമാണെന്ന സന്ദേശം അദ്ദേഹം മുന്നോട്ടുവെച്ചു. ആർക്കും ഒരു തരത്തിലുമുള്ള വിവേചനമുണ്ടാകരുതെന്ന് ഗുരു ഉറപ്പിച്ചുപറഞ്ഞു. ’’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.