2021 മുഴുവനും ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ അതിക്രമങ്ങൾ നടന്നു​വെന്ന് യു.എസ് റിപ്പോർട്ട്


വാഷിങ്ടൺ: ഇന്ത്യയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ ആക്രമണങ്ങൾ, കൊലപാതകങ്ങൾ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ അതിക്രമങ്ങൾ 2021 വർഷം മുഴവനും നടന്നതായി അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സമ്മേളനത്തിൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അവതരിപ്പിച്ച റിപ്പോർട്ട്.

സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻങ്കൺ ആണ് റിപ്പോർട്ട് അവതരിപ്പിച്ചത്. ആഗോള തലത്തിൽ മതസ്വാതന്ത്രത്തിന്റെ അവസ്ഥയും ലംഘനവും എങ്ങനെയെന്ന് യു.എസിന്റെ വീക്ഷണത്തിലുള്ളതാണ് റിപ്പോർട്ട്. ഓരോ രാജ്യങ്ങൾക്കുമായി പ്രത്യേക അധ്യായങ്ങൾ തന്നെ റിപ്പോർട്ടിൽ ഉണ്ട്.

ഇന്ത്യയിൽ മതന്യൂനപക്ഷങ്ങളിലെ അംഗങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ വ്യാപകമാണ്. കൊലപാതകം, ആക്രമണം, ഭീഷണിപ്പെടുത്തൽ എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. ഗോവധത്തിന്റെയും ബീഫ് വ്യാപാരത്തിന്റെ പേരിൽ നടക്കുന്ന ഗോ രക്ഷാ ഗുണ്ടായിസം ഉൾപ്പെടെയുള്ളവയാണ് ഈ ആക്രമണങ്ങൾ എന്നതാണ് റിപ്പോർട്ടിൽ പറയുന്നത്.

റിപ്പോർട്ട് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ സംബന്ധിച്ച് ഒരു അഭിപ്രായവും പറയുന്നില്ല. മറിച്ച്, ഇന്ത്യൻ മാധ്യമങ്ങളിലും സർക്കാർ തലത്തിലും റിപ്പോർട്ട് ചെയ്യപ്പെട്ട ഓരോ സംഭവങ്ങൾ രേഖപ്പെടുത്തുകയാണ് ​ചെയ്യുന്നത്. കൂടാതെ, സന്നദ്ധ സംഘടനകളെയും ന്യൂനപക്ഷ സ്ഥാപനങ്ങളെയും ഉദ്ധരിച്ച് അവക്ക് നേരെ നടന്ന ആക്രമണങ്ങ​ളെ സംബന്ധിച്ചും പറയുന്നുണ്ട്. എന്നാൽ ആക്രമണങ്ങളിൽ നടന്ന അന്വേഷണഫലങ്ങളെ കുറിച്ച് പലപ്പോഴും നിശബ്ദത പാലിക്കുകയാണ്.

അതുപോലെ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും വാക്കുകളും ഉദ്ധരിക്കുന്നു.

രാജ്യത്ത് ഹിന്ദുവിനോ മുസ്‍ലീമിനോ ഒരു ആധിപത്യവുമില്ല. ഇന്ത്യക്കാർക്കാണ് ആധിപത്യമുള്ളത്. മുസ്‍ലിംകൾ ഇന്ത്യയിൽ ഇസ്‍ലാം അപകടത്തിലാണ് എന്ന് ഭയപ്പെടേണ്ടതില്ലെന്നും ഗോവധത്തിന്റെ പേരിൽ അഹിന്ദുക്കളെ കൊല്ലുന്നത് ഹിന്ദുത്വത്തിനെതിരായ പ്രവർത്തിയാണെന്നും ജൂലൈയിൽ ആർ.എസ്.എസ് മേധാവി പറഞ്ഞിരുന്നു.

അതേസമയം, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സെപ്തംബറിൽ പറഞ്ഞത് മുൻ യു.പി സർക്കാറുകൾ മുസ്‍ലീംകൾക്ക് അനുകൂലമായാണ് ആനുകൂല്യങ്ങൾ വിതരണം ചെയ്തതെന്നായിരുന്നു.

മാധ്യമങ്ങളിൽ അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരിൽ അഹിന്ദുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഇന്ത്യ നേരത്തെ യു.എസിന്റെ റിപ്പോർട്ട് തള്ളിയിരുന്നു. അവകാശങ്ങൾ ഭരണഘടനാപരമായി തന്നെ സംരക്ഷിക്കപ്പെടുന്ന ജനതയുടെ അവസ്ഥയെ കുറിച്ച് പറയാൻ ഒരു വിദേശ സർക്കാറിന് അവകാശമില്ലെന്ന് പറഞ്ഞു​കൊണ്ടാണ് ഇന്ത്യ റിപ്പോർട്ട് തള്ളിയത്.

Tags:    
News Summary - The U.S. Report says violence against minorities will continue in India throughout 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.