പ്രക്ഷോഭത്തിനിടെ ബലാത്സംഗം: സുരക്ഷാ സേനക്കെതിരെ തെരുവിലിറങ്ങി സുഡാനിലെ സ്​ത്രീകൾ

ഖാർത്തൂം: സുഡാനിലെ ജനാധിപത്യ അനുകൂലികളുടെ ബഹുജനപ്രക്ഷോഭത്തിനിടെ ലൈംഗികാതിക്രമം നടത്തിയ സുരക്ഷാ സേനക്കെതിരെ നടപടി ആവശ്യപ്പെട്ട്​ നൂറുകണക്കിന് സ്ത്രീകൾ ഖാർത്തൂമിൽ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഞായറാഴ്ച പ്രസിഡൻഷ്യൽ കൊട്ടാരത്തിന്​ പുറത്ത് നടന്ന ബഹുജന പ്ര​ക്ഷോഭത്തിടെ കുറഞ്ഞത് 13 സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായാണ്​ ഐക്യരാഷ്ട്രസഭയടക്കം റിപ്പോർട്ട്​ ചെയ്തിരിക്കുന്നത്​.

സുരക്ഷാ സേനയുടെ ലൈംഗികവും ശാരീരികവുമായ അതിക്രമങ്ങൾ സംബന്ധിച്ച് വസ്തുതാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ വ്യാഴാഴ്ച ഖാർത്തൂം യു.എൻ മനുഷ്യാവകാശ ഓഫിസിൽ നിവേദനം നൽകി. സുഡാനിലെ 40ലധികം മനുഷ്യാവകാശസംഘടനകൾ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

ബഹുജനപ്രക്ഷോഭത്തിനിടെ ലൈംഗികാതിക്രമത്തിന്​ ഇരയായ 18നും 27നുമിടയിൽ പ്രായമുള്ള എട്ട് യുവതികൾ ചികിത്സ തേടിയെത്തിയതായി സാമൂഹിക വികസന മന്ത്രാലയം ലൈംഗികാതിക്രമ പ്രതിരോധ വിഭാഗം മേധാവി സുലൈമ ഇസ്ഹാഖ് പറഞ്ഞു. അതേസമയം, ഇരകളുടെ എണ്ണം ഇതിലും കൂടുതലാണെന്നും അപമാനം ഭയന്ന്​ പലരും വെളിപ്പെടുത്തിയിട്ടില്ലെന്നും സുലൈമ ഇസ്ഹാഖ് പറഞ്ഞു.

"കുടുംബത്തിലെ സമ്മർദ്ദം കാരണം പല സ്ത്രീകളും അതിക്രമത്തിനിയായ കാര്യം പുറത്തുപറയുന്നില്ല. പ്രതിഷേധത്തിൽ പങ്കെടുത്ത് ജയിൽ മോചിതരായസ്ത്രീകളെ പുറത്തിറങ്ങാന്‍ വരെ വീട്ടുകാർ അനുവദിക്കുന്നില്ല. സുരക്ഷാ സേനയെക്കാൾ ഇവർ ബന്ധുക്കളെയാണ് ഭയക്കുന്നത്'' - 2018ൽ ഉമർ അൽ ബഷീർ വിരുദ്ധ പ്രകടനത്തിനിടെ അറസ്റ്റിലായ ആക്ടിവിസ്റ്റ് മുസാൻ അൽനീൽ അഭിപ്രായപ്പെട്ടു.

ബഹുജനപ്രകടനങ്ങളിൽ നിന്ന് സ്ത്രീകളെ അകറ്റാനും അവരെ നിശബ്ദമാക്കാനുമുള്ള ഭരണകൂട ആയുധമായാണ് ലൈംഗികാതിക്രമത്തെ സുഡാന്‍ സുരക്ഷാ സേന കാണുന്നതെന്ന് കാനഡ, യൂറോപ്യൻ യൂനിയൻ, നോർവേ, സ്വിറ്റ്സർലൻഡ്, യു.കെ, യു.എസ്​ എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

അതേസമയം, സുഡാന്‍ ഭരണകൂടം ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. വി‍ഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ പാശ്ചാത്യ രാജ്യങ്ങൾ സുഡാന്‍ അധികൃതരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 2019 ജൂണിൽ ഖാർത്തൂമിലെ സൈനിക ആസ്ഥാനത്ത് ജനാധിപത്യ അനുകൂലികൾ നടത്തിയ സമരത്തിലും സുരക്ഷാസേന ബലാത്സംഗം നടത്തിയെന്ന കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

Tags:    
News Summary - ‘They won’t break us’: Sudanese protesters decry sexual attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.