തൂനിസ്: അറബ് മേഖലയിലെ നിരവധി ഭരണകൂടങ്ങളെ നിലംപതിപ്പിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ (അറബ് വസന്തം) 12ാം വാർഷിക ദിനത്തിൽ തുനീഷ്യയിൽ വൻ പ്രതിഷേധം. മുല്ലപ്പൂ വിപ്ലവത്തിന് തുടക്കംകുറിച്ച തുനീഷ്യയുടെ തലസ്ഥാന നഗരിയായ തൂനിസിലും മറ്റ് പ്രധാന നഗരങ്ങളിലും ശനിയാഴ്ച ആയിരങ്ങളാണ് തെരുവിലിറങ്ങിയത്.
തുനീഷ്യൻ പ്രസിഡന്റ് ഖൈസ് സെയ്ദിന്റെ ഏകാധിപത്യ നടപടികൾക്കെതിരെയും രാജി ആവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം. തൂനിസിലെ ഏറ്റവും പ്രധാന കേന്ദ്രവും മുല്ലപ്പൂ വിപ്ലവത്തിന്റെ ഉറവിടവുമായ ഹബീബ് ബൗർഗ്വിബയിലാണ് ഏറ്റവും അധികം പേർ ഒത്തുചേർന്നത്.
തുനീഷ്യൻ പതാകകൾ വീശി ഭരണകൂടത്തിന്റെ പതനം ജനം ആവശ്യപ്പെടുന്നു എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. ആഭ്യന്തര മന്ത്രാലയത്തിന് പുറത്ത് വൻ പൊലീസ് സന്നാഹവും ഒരുക്കിയിരുന്നു. നിരവധി രാഷ്ട്രീയപാർട്ടികളും സാമൂഹിക സംഘടനകളും ആഹ്വാനംചെയ്ത പ്രതിഷേധമാണ് വിവിധ ഭാഗങ്ങളിൽ നടന്നത്.
കടുത്ത രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് തുനീഷ്യ കടന്നുപോകുന്നത്. 2021ൽ സെയ്ദ് പാർലമെന്റ് പിരിച്ചുവിടുകയും നിയമനിർമാണ സഭയുടെ രീതികൾ മാറ്റാൻ ഉദ്ദേശിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി 2022 ഡിസംബറിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേവലം 11 ശതമാനമായിരുന്നു പോളിങ്. നിയമനിർമാണ സഭയുടെ അധികാരം കുറയ്ക്കാനുള്ള പ്രസിഡന്റിന്റെ ശ്രമത്തെ ജനങ്ങൾ എതിർക്കുന്നതിന്റെ തെളിവായിരുന്നു കുറഞ്ഞ പോളിങ്. വിലക്കയറ്റവും തൊഴിലില്ലായ്മയും ജനജീവിതത്തെ ദുസ്സഹമാക്കുന്നുണ്ട്. ഇതോടെയാണ് മുല്ലപ്പൂ വിപ്ലവത്തിന്റെ ഓർമകൾ പുതുക്കി ജനങ്ങൾ തെരുവിലിറങ്ങിയത്.
തുനീഷ്യയിൽ ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് 2011 ജനുവരി 14നാണ് അന്നത്തെ പ്രസിഡന്റ് സൈനുൽ ആബിദീൻ ബിൻ അലി ഭരണത്തിൽനിന്ന് പിഴുതെറിയപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.