ബന്ദിമോചനം ആവശ്യപ്പെട്ട്  ഇസ്രായേലിൽ ബന്ദികളുടെ ബന്ധുക്കളുടെ നേതൃത്വത്തിൽ നടന്ന മാർച്ച് (ഫയൽ ചിത്രം)

ഇസ്രായേലിനെ പിടിച്ചുലച്ച് ബന്ദി മോചന റാലി; നെതന്യാഹുവിനെതിരെ പ്രതിഷേധക്കൊടുങ്കാറ്റ്

തെൽഅവീവ്: ബന്ദിമോചനം ഉടൻ സാധ്യമാക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിനാളുകൾ പ​ങ്കെടുത്ത വൻ പ്രതിഷേധ റാലികൾ അര​ങ്ങേറി. ബന്ദികൾക്ക് അധികകാലം അതിജീവിക്കാനാവില്ലെന്ന് മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ചാനൽ 12’ വാർത്ത നൽകിയതിന് പിന്നാലെയായിരുന്നു രാജ്യതെത പിടിച്ചുലച്ച് പടുകൂറ്റൻ റാലികൾ. ബന്ദികളുടെ ​ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയ സമരക്കാർ നെതന്യാഹുവിനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കി പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു.


തെൽഅവീവിലെ ഹോസ്റ്റേജ് സ്ക്വയറിലും ജറുസലേം, ഹൈഫ, അമിയാദ് ജംഗ്ഷൻ, കെഫാർ സബ, ബീർഷെബ എന്നിവിടങ്ങളിലും റാലികൾ സംഘടിപ്പിച്ചു. പിരിഞ്ഞുപോകണമെന്നും അല്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്ന് ഉപരോധിച്ചു. വെടിനിർത്തലിനും ബന്ദിമോചനത്തിനും ഹമാസ് മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കണമെന്നും ഫലസ്തീൻ സുരക്ഷാ തടവുകാരെ ​കൈമാറി ബന്ദികളെ മോചിപ്പിക്കണമെന്നും ഹോസ്റ്റേജ് സ്ക്വയറിൽ നടന്ന പ്രതിഷേധ റാലിയിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു.


നെതന്യാഹു തന്റെ രാഷ്ട്രീയ ലാഭത്തിനും അധികാര​ക്കസേര സംരക്ഷിക്കാനും ബന്ദികളുടെ ജീവൻ കൊണ്ട് പന്താടുകയാണെന്ന് ഗസ്സയിൽ ബന്ദിയായി കഴിയുന്ന മതൻ സങ്കൗക്കറുടെ മാതാവും ബന്ദി മോചന പ്രക്ഷോഭത്തിൽ മുൻനിരയിലുള്ള ആളുമായ ഐനവ് സങ്കൗക്കർ ആരോപിച്ചു. തന്റെ തീവ്ര വലതുപക്ഷ കൂട്ടുകക്ഷികളെ തൃപ്തിപ്പെടുത്താനും അധികാരത്തിൽ തുടരാനും ബന്ദികളെ തടങ്കലിൽ തുടരാൻ വിടുകയാണ് പ്രധാനമന്ത്രിയെന്ന് അവർ പറഞ്ഞു. "നെതന്യാഹുവുമായി ഏറ്റുമുട്ടാൻ മടിക്കേണ്ട. അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കുക, നാം പിന്നോട്ട് പോകരുത്’ -ഐനവ് പറഞ്ഞു.


ബന്ദിമോചന കരാറിനെ ‘അടിയറവ് പറയുന്ന കരാർ’ ആ​ണെന്ന് പരിഹസിച്ച ധനമന്ത്രി ബെസാലെൽ സ്മോട്രിച്ചിനെതിരെയും ബന്ദികളുടെ ബന്ധുക്കൾ രംഗത്തുവന്നു. “ഇന്നലെ നിങ്ങൾ ഇത് ഒരു ‘സറണ്ടർ ഡീൽ’ ആണെന്ന് ട്വീറ്റ് ചെയ്തു. 115 മനുഷ്യരെ വീട്ടിലേക്ക് കൊണ്ടുവരുന്നത് കീഴടങ്ങലായി നിങ്ങൾ കരുതുന്നുണ്ടോ?" എന്നായിരുന്നു ബന്ദിയായ ഒമ്രി മിരാന്റെ ഭാര്യ ലിഷെയ് മിരാന്റെ ചോദ്യം. വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബിയും സ്മോട്രിച്ചിൻ്റെ അഭിപ്രായത്തെ അപലപിച്ചിരുന്നു. ഇത് ബന്ദികളുടെ ജീവൻ അപകടത്തിലാക്കുകയും മോചനത്തിനുള്ള ചർച്ചകൾ വഴിതിരിച്ചുവിടുകയും ചെയ്യുമെന്നാണ് കിർബി പറഞ്ഞത്. ഒക്‌ടോബർ 7ന് ഹമാസ് തട്ടിക്കൊണ്ടുപോയ 251 ബന്ദികളിൽ 111 പേർ ഗാസയിൽ അവശേഷിക്കുന്നുണ്ടെന്നാണ് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചത്.  



 


Tags:    
News Summary - Thousands urge hostage deal; relative to negotiators: Don’t hesitate to challenge PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.