ഒട്ടാവ: കാനഡയിൽ ക്ലാസ് മുറിയിൽ മൂന്ന് പേർക്ക് കുത്തേറ്റു. വാട്ടർലൂവിലെ യൂണിവേഴ്സിറ്റിയിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. യൂണിവേഴ്‌സിറ്റി ഓഫ് വാട്ടർലൂവിലെ ഹാഗി ഹാളിൽ ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി ഗുരുതരമാണോയെന്ന് വ്യക്തമല്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആക്രമണത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇത് ലഭ്യമാകുന്ന മുറക്ക് പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു.
ജെൻഡർ സ്റ്റഡീസ് ക്ലാസിലാണ് ആക്രമണമുണ്ടായതെന്ന് വാട്ടർലൂ സർവകലാശാലയിലെ വിദ്യാർഥി യൂസഫ് കെയ്മാക്ക് പറഞ്ഞു. ക്ലാസിലേക്ക് കയറിവന്ന അയാൾ ടീച്ചറോട് താൻ പ്രൊഫസറാണോ എന്ന് ചോദിച്ചു. തുടർന്ന് അയാൾ ഒരു കത്തി പുറത്തെടുത്ത് കുത്തുകയായിരുന്നുവെന്ന് യൂസഫ് മൊഴി നൽകി. അയാൾ ഒരു കത്തി പുറത്തെടുത്തപ്പോൾ തന്നെ ഞങ്ങൾ പുറത്തേക്ക് ഓടിയിരുന്നതായും പ്രൊഫസറിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും യൂസഫ് പറഞ്ഞു.
ഈ സമയം 40 ഓളം വിദ്യാർഥികൾ ക്ലാസിലുണ്ടായിരുന്നതായി യൂസഫ് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം ഷെഡ്യൂൾ ചെയ്തിരുന്ന ക്ലാസുകൾ റദ്ദാക്കിയതായും എന്നാൽ മറ്റെല്ലാ കാമ്പസ് പ്രവർത്തനങ്ങളും പതിവുപോലെ തുടരുമെന്ന് സർവകലാശാല ട്വീറ്റിൽ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.