കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ശ്രീലങ്ക സന്ദർശിക്കാനൊരുങ്ങി ഉന്നത അമേരിക്കൻ പ്രതിനിധി സംഘം. ജൂൺ 26 മുതൽ 29 വരെ ശ്രീലങ്കയിൽ തങ്ങുന്ന സംഘം പ്രശ്നപരിഹാരത്തിന് ഭരണനേതൃത്വവുമായി ചർച്ചകൾ നടത്തും.
യു.എസ് ട്രഷറി, വിദേശകാര്യ വകുപ്പുകളുടെ പ്രതിനിധികളായ ട്രഷറി ഏഷ്യ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി റോബർട്ട് കപ്രോത്ത്, സ്ഥാനപതി കെല്ലി കൈഡർലിങ് എന്നിവർ രാഷ്ട്രീയ പ്രതിനിധികൾ, സാമ്പത്തിക വിദഗ്ധർ, അന്താരാഷ്ട്ര സംഘടനകൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.
കടുത്ത വിദേശനാണ്യ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കക്ക് ശതകോടികളുടെ വിദേശവായ്പ തിരിച്ചടവ് മുടങ്ങിയിരുന്നു. കടക്കെണിയുടെ വക്കിലെത്തിനിൽക്കുന്ന രാജ്യത്ത് ഭക്ഷണവും ഇന്ധനവുമടക്കം അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാൻ വിദേശനാണ്യമില്ലാതെ ബുദ്ധിമുട്ടുകയാണ്.
യു.എസ് സംഘത്തിനു സമാനമായി ഇന്ത്യയിൽനിന്ന് റിസർവ് ബാങ്ക് ഉയർന്ന ഉദ്യോഗസ്ഥരും കൊളംബോയിലെത്തുന്നുണ്ട്. വ്യാഴാഴ്ച എത്തുന്ന സംഘം രാജ്യത്തെ സാമ്പത്തിക സ്ഥിതിഗതികൾ വിലയിരുത്തും. ഇതുവരെയായി 400 കോടി ഡോളർ ഇന്ത്യ വായ്പ നൽകിയതായി ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.