അങ്കാറ: പ്രതിരോധ സ്ഥാപനമായ ‘ടുസാസി’ലെ വെടിവെപ്പിനും സ്ഫോടനത്തിനും പിന്നാലെ രണ്ടാം ദിവസവും സിറിയയിലെയും ഇറാഖിലെയും കുർദ് പോരാളി കേന്ദ്രങ്ങളിൽ കനത്ത വ്യോമാക്രമണം നടത്തി തുർക്കിയ. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയുമാണ് കുർദിഷ് വർക്കേഴ്സ് പാർട്ടി (പി.കെ.കെ) യുടെ നിരവധി തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിച്ചത്.
തുർക്കിയയുടെ രഹസ്യാന്വേഷണ ഏജൻസിയായ നാഷനൽ ഇന്റലിജൻസ് ഓർഗനൈസേഷന്റെ നേതൃത്വത്തിലായിരുന്നു സൈനിക നീക്കം. സൈനിക, രഹസ്യാന്വേഷണ, ഊർജ, ആയുധ കേന്ദ്രങ്ങളിൽ ബോംബിട്ടതായി തുർക്കിയയുടെ ഔദ്യോഗിക മാധ്യമമായ അനദോലു ഏജൻസി റിപ്പോർട്ട് ചെയ്തു. 30 ലേറെ കേന്ദ്രങ്ങൾ ആക്രമണത്തിൽ തകർത്തതായി പ്രതിരോധ മന്ത്രാലയവും അറിയിച്ചു.
ഡ്രോൺ ഉൾപ്പെടെ തുർക്കിയയുടെ പ്രതിരോധ ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനിയായ ‘ടുസാസി’ലെ ഭീകരാക്രമണത്തിന് പിന്നിൽ പി.കെ.കെയാണെന്ന് തുർക്കിയ ആഭ്യന്തര മന്ത്രി അലി യെർലികായ ആരോപിച്ചിരുന്നു. പി.കെ.കെയുടെ അവസാന ഭീകരനെയും ഇല്ലാതാക്കുന്നതുവരെ സൈനിക നീക്കം തുടരുമെന്ന് പ്രതിരോധ മന്ത്രി യാസർ ഗുലർ പ്രഖ്യാപിച്ചതിന് പിന്നാലെ ബുധനാഴ്ച സമാന കേന്ദ്രങ്ങളിൽ തുർക്കിയ ആക്രമണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.