പ്രതീകാത്മക ചിത്രം

ആകാശമധ്യത്തിൽ പൈലറ്റുമാർ ഉറങ്ങി; ലാൻഡ് ചെയ്യാനാകാതെ വിമാനം കറങ്ങിനടന്നത് അരമണിക്കൂർ

അഡിസ് അബാബ: ആകാശമധ്യത്തിൽ പൈലറ്റുമാർ ഉറങ്ങിപ്പോയതോടെ വിമാനം ലാൻഡ് ചെയ്യാൻ വൈകിയതായി റിപ്പോർട്ട്. എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ പൈലറ്റുമാരാണ് വിമാനം ലാന്‍ഡ് ചെയ്യേണ്ട സമയത്തുപോലും ഉണരാതെ ഉറങ്ങിപ്പോയത്. സുഡാനിലെ ഖാര്‍തൂമില്‍ നിന്ന് എത്യോപ്യ തലസ്ഥാനമായ അഡിസ് അബാബയിലേക്ക് പറന്ന വിമാനത്തിലെ രണ്ട് പൈലറ്റുമാരാണ് 37,000 അടി ഉയരത്തില്‍ പറക്കവെ ഗാഢനിദ്രയിലായതെന്ന് ഏവിയേഷന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ വിമാനം ലാന്‍ഡുചെയ്യാന്‍ വൈകി.

ബോയിങ് 737-800 ഇ.ടി -343യിലെ രണ്ടു പൈലറ്റുമാരാണ് ഉറങ്ങിപ്പോയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. വിമാനം ഓട്ടോ പൈലറ്റായിരുന്നത് കൊണ്ട് തന്നെ ഫ്‌ളൈറ്റ് മാനേജ്‌മെന്റ് കമ്പ്യൂട്ടര്‍ (എഫ്.എം.സി) വഴി റൂട്ട് സജ്ജീകരിച്ച ശേഷമായിരുന്നു പൈലറ്റുമാരുടെ ഉറക്കം. ലാന്‍ഡ് ചെയ്യേണ്ട സമയം കഴിഞ്ഞിട്ടും വിമാനം കാണാത്തതിനെത്തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എ.ടി.സി) വിമാനത്തിലുള്ള പൈലറ്റുമാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പിന്നീട് ഇറങ്ങേണ്ട റണ്‍വേയ്ക്ക് മുകളിലൂടെ വിമാനം പറന്നതോടെ ഓട്ടോ പൈലറ്റ് സംവിധാനം അലാം മുഴക്കിയതോടെയാണ് പൈലറ്റുമാര്‍ ഉണര്‍ന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനകം തന്നെ റണ്‍വേയില്‍ ഇറങ്ങാന്‍ 25 മിനിറ്റലധികം വൈകിയിരുന്നു. തുടര്‍ന്ന് പെട്ടെന്ന് തന്നെ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി വിമാനം സുരക്ഷിതമായി റണ്‍വേയിലിറക്കുകയായിരുന്നു. ഏവിയേഷന്‍ അനലിസ്റ്റ് അലക്‌സ് മക്കെരാസ് സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. സമാന സംഭവം മെയില്‍ ന്യൂയോര്‍ക്കില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Tags:    
News Summary - Two Pilots Fall Asleep While Flying at 37,000 Feet, Wake Up 25 Mins Later to Land Plane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.