ലണ്ടൻ: കഴിഞ്ഞ ദിവസം രണ്ട് ക്രിസ്ത്യൻ വനിതകളെ ഇസ്രായേൽ വെടിവെച്ചുകൊന്ന ഗസ്സ ഹോളി ഫാമിലി പാരിഷ് കാത്തലിക് ചർച്ചിൽ കുടുങ്ങിക്കിടക്കുന്ന തന്റെ ബന്ധുക്കൾ മരണത്തെ മുഖാമഖം കണ്ടാണ് കഴിയുന്നതെന്ന് ഫലസ്തീൻ വംശജയും ജീവിതത്തിനുമിടയി ബ്രിട്ടീഷ് പാർലമെന്റംഗവുമായ ലൈല മോറൻ. ചർച്ചിൽ കഴിയുന്ന നൂറുകണക്കിന് ഫലസ്തീനികളുടെ ജീവനെ കുറിച്ച് തനിക്ക് ഭയമുണ്ടെന്ന് ലിബറൽ ഡെമോക്രാറ്റ് എം.പിയായ ലൈല മാധ്യമങ്ങളോട് പറഞ്ഞു.
'ഒന്നുകിൽ അവരെ വെടിയുണ്ടകൾ കൊല്ലും. അല്ലെങ്കിൽ, കുടിവെള്ളം കിട്ടാതെ മരണപ്പെട്ടേക്കുമെന്ന് ഞാൻ ആശങ്കപ്പെടുന്നു’ -എം.പി പറഞ്ഞു. ചർച്ച് വളഞ്ഞ ഇസ്രായേൽ സൈന്യം പുറത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ഉള്ളിൽ വൈദ്യുതിയും വെള്ളവുമില്ലാതെ കുടുങ്ങിക്കിടക്കുന്ന ഫലസ്തീൻ ക്രിസ്ത്യാനികളുടെ ദുരവസ്ഥയാണ് മോറാൻ ഉയർത്തിക്കാട്ടുന്നത്.
ശനിയാഴ്ചയാണ് നഹിദ, മകൾ സമർ എന്നീ ക്രിസ്ത്യൻ വനിതകളെ ഗസ്സയിലെ ഹോളി ഫാമിലി ചർച്ച് കോമ്പൗണ്ടിൽവെച്ച് ഇസ്രായേൽ വെടിവെച്ചുകൊന്നത്. ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റതായും 54 വികലാംഗർക്ക് അഭയം നൽകുന്ന കോൺവെന്റിന് കേടുപാടുകൾ സംഭവിച്ചതായും ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് അറിയിച്ചിരുന്നു.
കോൺവെന്റിലേക്ക് നടന്നുപോകുന്നതിനിടെയാണ് നഹിദയെയും സമറിനെയും കൊലപ്പെടുത്തിയത്. മുന്നറിയിപ്പ് പോലുമില്ലാതെയായിരുന്നു ചർച്ച് വളപ്പിൽ വെച്ച് വെടിവെച്ചത്. രാവിലെ ഇസ്രായേൽ യുദ്ധടാങ്കിൽ നിന്ന് മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി കോൺവെന്റിന് നേരെ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ആരാധനാലയമാണെന്ന് വലിയ സൂചനാഫലകം കോൺവെന്റിന് മുന്നിൽ സ്ഥാപിച്ചത് പോലും അവഗണിച്ചായിരുന്നു ആക്രമണം. കൊലപാതകത്തിന്റെ തലേന്ന് രാത്രി പള്ളി വളപ്പിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഇവിടെയുള്ള സോളാർ പാനലുകളും വാട്ടർ ടാങ്കുകളും സൈന്യം നശിപ്പിച്ചു. കൊലപാതകത്തെ ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി പരസ്യമായി വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.