പ്രമേഹരോഗമുള്ളതിനാൽ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു -പരാതിയുമായി ബ്രിട്ടനിലെ 56കാരി

ലണ്ടൻ: ടൈപ്പ് 2 പ്രമേഹമുള്ളതിനാൽ ടെയ്ക്ക് ഓഫിന് തൊട്ട്മുമ്പ് തന്നെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി 56 വയസുള്ള ഹെലൻ ടെയ്‍ലർ. ഒക്ടോബർ രണ്ടിനാണ് സംഭവം. റോമിലേക്കുള്ള യാത്രയിലായിരുന്നു ഹെലൻ ടെയ്‍ലറും ഭർത്താവും. വിമാനത്തിൽ വെച്ച് ഹെലന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച കാബിൻ ക്രൂ അംഗങ്ങൾ അവരോട് മടങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു. മറ്റ് പ്രശ്നങ്ങളൊന്നുമില്ലാതെ വിമാനത്തിൽ കയറിയ ഹെലൻ തലകറക്കവും അമിതമായ വിയർപ്പും മൂലം വിശ്രമമുറിയിൽ നിന്ന് മടങ്ങിയെത്തിയതിനു പിന്നാലെയായിരുന്നു ഇത്.

താൻ ഭക്ഷണം കഴിച്ചതേ ഉള്ളൂവെന്നും ഡയബറ്റിസ് ഉള്ളതിനാൽ ഇത്തരമൊരു അവസ്ഥ സാധാരണ ഉണ്ടാകാറുള്ളതാണെന്നും പേടിക്കേണ്ട ആവശ്യമില്ലെന്നും ഹെലൻ ജീവനക്കാരോട് പറഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ തോത് കൂടുന്നത് കൊണ്ടാണ്. കുറച്ച് വെള്ളം കുടിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂവെന്നും മെനോപസിലൂടെ കടന്നുപോവുകയാണ് താനെന്നും അതാണ് അമിതമായി വിയർക്കാൻ കാരണമെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ ഹെലനെ വൈദ്യപരിശോധനക്ക് വിധേയമാക്കണമെന്നാണ് കാബിൻ ക്രൂ അംഗങ്ങൾ പറഞ്ഞത്. 10 മിനിറ്റിനു ശേഷം അവരോട് വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്തപ്പോൾ വിമാനം സുരക്ഷിതമായി എത്തിക്കുക എന്നത് മാത്രമാണ് പ്രധാനമെന്നായിരുന്നു മറുപടി.

തുടർന്ന് ദമ്പതികളെ വിമാനത്താവളത്തിലേക്ക് കൊണ്ടുവന്നു. യാത്ര മുടങ്ങിയതിനാൽ ടിക്കറ്റിന് ചെലവായ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ജെറ്റ്2 അധികൃതരുമായി ബന്ധപ്പെട്ടുവെങ്കിലും മറുപടിയുണ്ടായില്ല. പിന്നീട് സംഭവത്തിൽ ജെറ്റ്2 അധികൃതർ മാപ്പ് പറഞ്ഞു. ടിക്കറ്റ് തുക ഉടൻ മടക്കിക്കൊടുക്കാമെന്നും ഉറപ്പുനൽകി.


Tags:    
News Summary - UK woman claims she was asked to deboard 'for having diabetes'. Here's what happened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.