വാഷിങ്ടൺ: സിറിയയിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങളിൽ കടുത്ത ആശങ്കയുണ്ടെന്ന് യു.എൻ മേധാവി അന്റോണി ഗുട്ടറസ്. സിറിയക്ക് നേരെ എല്ലാ രീതിയിൽ നടക്കുന്ന ആക്രമണങ്ങളും നിർത്തണമെന്ന് അന്റോണിയോ ഗുട്ടറസിന് വേണ്ടി വക്താവ് ആവശ്യപ്പെട്ടു. രണ്ടാഴ്ചക്കുള്ളിൽ തന്നെ 1.1 മില്യൺ ആളുകൾക്ക് സിറിയയിൽ പലായനം ചെയ്യേണ്ടി വന്നുവെന്നും യു.എൻ വ്യക്തമാക്കി.
സ്ത്രീകൾക്കും കുട്ടികൾക്കുമാണ് ഏറ്റവും കൂടുതൽ പലായനം ചെയ്യേണ്ടി വന്നതെന്നും യു.എൻ വ്യക്തമാക്കി. യു.എന്നിന്റെ കണക്കുകൾ പ്രകാരം അലപ്പോയിൽ നിന്ന 6,40,000 പേർക്കും ഇഡിലിബിൽ നിന്നും 3,34,000 പേർക്കും ഹാമയിൽ നിന്നും 1,36,000 പേർക്കും പലായനം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നാണ് യു.എന്നിന്റെ കണക്കുകൾ.
അതേസമയം, ഇസ്രായേലിന്റെ സിറിയ ആക്രമണത്തെ പിന്തുണച്ച് യു.എസ് രംഗത്തെത്തി. ഭീഷണികൾ ഇല്ലാതാക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് യു.എസ് സുരക്ഷാഉപദേഷ്ടാവ് ജാക്ക് സള്ളിവൻ പറഞ്ഞു. സിറിയൻ പ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തുവെന്ന റിപ്പോർട്ടുകൾ ഇസ്രായേൽ തള്ളി.
നിലവിൽ സിറിയൻ പ്രദേശത്ത് 18 കിലോമീറ്റർ ഉള്ളിലേക്ക് വരാൻ ഇസ്രായേൽ സൈന്യം എത്തിയെന്നാണ് റിപ്പോർട്ടുകൾ. അൽ ജസീറയാണ് ഇതുംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. നേരത്തെ സിറിയയിൽ അധികാര കൈമാറ്റം പൂർത്തിയാകുന്നതു വരെ ഭരണഘടനയും പാർലമെന്റും സസ്പെൻഡ് ചെയ്തതായി ഇടക്കാല സർക്കാർ അറിയിച്ചിരുന്നു. ഭരണഘടനയിൽ പുതിയ ഭേദഗതികൾ കൊണ്ടുവരാൻ നീതിന്യായ, മനുഷ്യാവകാശ സമിതികൾ രൂപവത്കരിക്കുമെന്നും സർക്കാർ വക്താവ് ഉബൈദ് അർനൗത് പറഞ്ഞു. അധികാരക്കൈമാറ്റത്തിനായി സമാന്തര സർക്കാറിന്റെ മന്ത്രിമാരുടെയും അസദ് ഭരണകൂടത്തിലെ മന്ത്രിമാരുടെയും യോഗം നടത്തും. മൂന്നു മാസംകൊണ്ട് അധികാരക്കൈമാറ്റം പൂർത്തിയാക്കും. രാജ്യത്തിന്റെ മതപരവും സാംസ്കാരികവുമായ സ്വാതന്ത്ര്യവും വൈവിധ്യവും നിലനിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.