ഗസ്സയെ പട്ടിണിക്കിട്ട് കൊല്ലാൻ ട്രക്കുകൾ കൊള്ളയടിക്കുന്നു; ജീവനക്കാരുടെ സുരക്ഷ ഭയന്ന് സഹായ വിതരണം നിർത്തി യു.എൻ ഏജൻസി

ഗസ്സ: 14 മാസമായി ഇസ്രായേൽ തുടരുന്ന കൂട്ടക്കുരുതിക്കും നശീകരണത്തിനും ഇടയിൽ ഗസ്സക്കാരുടെ വിശപ്പടക്കാൻ സഹായിച്ചിരുന്ന സന്നദ്ധപ്രവർത്തകർ ജീവഭയത്താൽ പിൻമാറുന്നു. യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയുടെ ഇസ്രായേൽ വഴി വരുന്ന ട്രക്കുകൾ  ​ഐ.ഡി.എഫ് പിന്തുണയോടെ കൊള്ളയടിക്കുന്നതും ഭക്ഷണവിതരണം നടത്തുന്ന വേൾഡ് സെൻട്രൽ കിച്ചൺ (ഡബ്ല്യുസികെ) പ്രവർത്തകരെ ബോംബിട്ട് ​കൊന്നതും മുൻനിർത്തിയാണ് സേവനം തൽക്കാലത്തേക്ക് നിർത്തിവെക്കാൻ യു.എൻ.ആർ.ഡബ്ല്യു.എ തീരുമാനിച്ചത്. കൂടാതെ സഹായവിതരണം കാര്യക്ഷമമാകാത്തതിനാ​ൽ ആവശ്യക്കാർ കൂട്ട​ത്തോടെ എത്തി സാധനങ്ങൾ എടുത്തു​കൊണ്ടുപോകുന്നതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.

യു.എൻ.ആർ.ഡബ്ല്യു.എ സഹായ വിതരണം നിർത്തിവച്ചതോടെ ഗസ്സയിലെ ഭക്ഷ്യ പ്രതിസന്ധി കൂടുതൽ വഷളായി. ഇസ്രായേൽ നിയന്ത്രിത പ്രദേശങ്ങളിലാണ് ഭൂരിഭാഗം കൊള്ളയും നടക്കുന്നതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ സൈന്യത്തിന്റെ ഒത്താശയോടെയാണ് ഈ കൊള്ളയിൽ ഭൂരിഭാഗവും നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേൽ നിയന്ത്രണത്തിലുള്ള കെരെം ശാലോം ക്രോസിങ് വഴി യു.എൻ.ആർ.ഡബ്ല്യു.എ പ്രഖ്യാപിച്ച എല്ലാ സഹായ വിതരണങ്ങളും നിർത്തിവച്ചത് ജനങ്ങളെ കടുത്ത ദുരിതത്തിലാക്കും.

കഴിഞ്ഞദിവസം അൽ-അഖ്‌സ ആശുപത്രിക്ക് നേരെ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണത്തിൽ സൗജന്യ അടുക്കള സംവിധാനമായ വേൾഡ് സെൻട്രൽ കിച്ചന്റെ മൂന്ന് ജീവനക്കാർ കൊല്ലപ്പെട്ടതിനാൽ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു. ഇതോടെ ആശുപത്രിയിലെ രോഗികൾക്കും ജീവനക്കാരും അഭയാർഥികളും പട്ടിണിയിലായി. ഭക്ഷ്യ സഹായ ഏജൻസികളെ ഇസ്രായേൽ സമ്മർദ്ദത്തിലാക്കിയതോടെ ആശ്രയമറ്റ നിലയിലാണ് ഗസ്സക്കാർ.

അതേസമയം, നിയമപാലകരെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ വർധിച്ച​േതാടെ ഗസ്സയിലെ ക്രമസമാധാന പാലനം പാടെ തകർന്നു. ഇതോടെ ഗസ്സയിലേക്കുള്ള സഹായട്രക്കുകൾ കടുത്ത സുരക്ഷാപ്രശ്നമാണ് നേരിടുന്നത്. കുഴപ്പങ്ങൾ സൃഷ്ടിക്കുന്നവരെ നിയന്ത്രിക്കാൻ ഗസ്സയിൽ നിയമസംവിധാനങ്ങളൊന്നും ഇല്ലാതായി.

Tags:    
News Summary - UNRWA’s halt on aid delivery worsens Gaza food crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.