തെഹ്റാൻ: ഭിന്നത ഏറ്റുമുട്ടലിേലക്ക് നീങ്ങുന്നതിനിടെ, മാധ്യമപ്രവർത്തകനെ ഇറാൻ മാസങ്ങളായി തടവിലിട്ടിരിക്കുകയാണെന്ന് ആരോപിച്ച് യു.എസ് രംഗത്ത്. റെസ വലിസാദെയെയാണ് ജയിലിൽ അടച്ചിരിക്കുന്നതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. യു.എസ് ഏജൻസി ഫോർ ഗ്ലോബൽ മീഡിയ മേൽനോട്ടം വഹിക്കുന്ന റേഡിയോ ഫ്രീ യൂറോപ്പ്/റേഡിയോ ലിബർട്ടിക്ക് കീഴിലുള്ള റേഡിയോ ഫർദക്ക് വേണ്ടിയാണ് വാലിസാദെ പ്രവർത്തിച്ചിരുന്നത്.
വലിസാദെയുടെ കേസുമായി ബന്ധപ്പെട്ട് സ്വിറ്റ്സർലൻഡിന്റെ സഹായത്തോടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു. യു.എസിന്റെയും മറ്റു രാജ്യങ്ങളുടെയും പൗരന്മാരെ ഇറാൻ നിരന്തരം ജയിലിലടക്കുകയാണെന്നും ഇത് ക്രൂരതയും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധവുമാണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആരോപിച്ചു.
അതേസമയം, വലിസാദെയെ തടവിലിട്ടിരിക്കുകയാണെന്ന കാര്യം ഇതുവരെ ഇറാൻ സമ്മതിച്ചിട്ടില്ല. താൻ ഇറാനിൽ തിരിച്ചെത്താൻവേണ്ടി കുടുംബാംഗങ്ങളെ തടവിലിട്ടിരിക്കുകയാണെന്ന് ഫെബ്രുവരിയിൽ സമൂഹമാധ്യമമായ എക്സിൽ അദ്ദേഹം കുറിച്ചിരുന്നു.
രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലുകൾക്ക് പിന്നാലെ, 13 വർഷങ്ങൾക്കുശേഷം മാർച്ച് ആറിന് സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിയതായും അദ്ദേഹം ആഗസ്റ്റിൽ വ്യക്തമാക്കിയിരുന്നു. അതിനുശേഷം വാലിസാദെയെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. തെഹ്റാനിലെ അമേരിക്കൻ എംബസി പിടിച്ചെടുത്തതിന്റെയും ബന്ദി പ്രതിസന്ധിയുടെയും 45ാം വാർഷികം ഞായറാഴ്ച ഇറാൻ ആചരിക്കുന്നതിനിടെയാണ് പുതിയ ആരോപണമുയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.