'ഇന്ത്യയിൽ മതവിവേചനം ശക്​തം; ന്യൂനപക്ഷങ്ങൾ അപകടാവസ്​ഥയിൽ'; നിശിത വിമർശനവുമായി അമേരിക്കൻ മനുഷ്യാവകാശ കമ്മീഷൻ

2020ൽ മതസ്വാതന്ത്ര്യത്തെ ഏറ്റവും മോശമായി ലംഘിച്ച രാജ്യങ്ങളിലൊന്നായി ഇന്ത്യയെ അടയാളപ്പെടുത്തി അമേരിക്കൻ മനുഷ്യാവകാശ കമ്മീഷൻ. യു.എസ് കമ്മീഷൻ ഓൺ ഇന്‍റർനാഷണൽ റിലീജിയസ് ഫ്രീഡം (യു‌.എസ്‌.സി.‌ആർ.‌എഫ്) ആണ്​ വാർഷിക റിപ്പോർട്ടിൽ രാജ്യത്തിനെതിരേ നിശിത വിമർശനം ഉന്നയിച്ചിരിക്കുന്നത്​. 2019ലെ റിപ്പോർട്ടിലും ഇന്ത്യയുടെ സ്​ഥാനം ഏറെ മോശമായിരുന്നു.


റിപ്പോർട്ട്​ പറയുന്നത്​

മതസ്വാതന്ത്ര്യത്തിൽ ഇന്ത്യ ഏറെ പിന്നിലായതിന്​ നിരവധി കാരണങ്ങളാണ്​ റിപ്പോർട്ട്​ അക്കമിട്ട്​ നിരത്തുന്നത്​. ഏറെക്കാലമായി ഇന്ത്യയുടെ മതസ്വാതന്ത്ര്യ വ്യവസ്ഥകൾ നെഗറ്റീവ് പാതയിലൂടെ തുടരുകയാണെന്ന് റിപ്പോർട്ട്​ പറയുന്നു. 'മതവിവേചനപരമായ പൗരത്വ ഭേദഗതി നിയമം (സി‌.എ‌.എ) റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്​. 'സി‌എ‌എയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുണ്ടാവുകയും മുസ്‌ലിംകളെ ലക്ഷ്യം വച്ചുള്ള നിരവധി അക്രമങ്ങൾക്ക് കാരണമാവുകയും ചെയ്​തു. സി.എ.എ പ്രക്ഷോഭത്തിനിടെ നടന്ന ഡൽഹി കലാപത്തിൽ 50 പേർ മരിക്കുകയും 200 പേർക്ക് പരിക്കേൾക്കുകയും ചെയ്​തു​. ഏറെക്കാലത്തിനിടെ നടന്ന ഏറ്റവും വലിയ ഹിന്ദു-മുസ്ലീം ആൾക്കൂട്ട അക്രമമാണിത്​.


ഹിന്ദു ദേശീയതയോട് അനുഭാവം പുലർത്തുന്ന ജനക്കൂട്ടം പള്ളികൾ ആക്രമിക്കാനും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെ വീടുകളും വ്യാപാര സ്ഥാപനങ്ങളും നശിപ്പിക്കാനും മുസ്ലീങ്ങളെ ഒറ്റപ്പെടുത്താനും പ്രവർത്തിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ചില കുടുംബങ്ങൾ തലമുറകളായി രാജ്യത്ത്​ താമസിച്ചിട്ടും നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് (എൻ‌ആർ‌സി) ൽനിന്ന്​ ഒഴിവായി. 1.9 ദശലക്ഷം താമസക്കാരെ എന്ത്​ മാനദണ്ഡത്തിന്‍റെ അടിസ്​ഥാനത്തിലാണ്​ ഒഴിവാക്കിയതെന്നും കമ്മീഷണർമാർ ചോദിച്ചു. ഒഴിവാക്കലിന്‍റെ അനന്തരഫലമായി അസമിൽ തടങ്കൽ ക്യാമ്പുകൾ നിർമിച്ചിട്ടുണ്ട്​. മറ്റ് സംസ്ഥാനങ്ങളിലേക്കോ രാജ്യവ്യാപകമായോ വ്യാപിപ്പിച്ചാൽ ഇത്തരം നിയമങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ആശങ്കകളും റിപ്പോർട്ട്​ പങ്കുവക്കുന്നുണ്ട്​.


'ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന ഓർഡിനൻസ്, 2020' നടപ്പാക്കുന്നതിനെക്കുറിച്ചും പരിണതഫലങ്ങളെക്കുറിച്ചും റിപ്പോർട്ടിലുണ്ട്​. 'നിർബന്ധിത മതപരിവർത്തനത്തിന്‍റെ' തെറ്റായ വ്യാഖ്യാനം ഉപയോഗിച്ച് വിവിധ മതങ്ങൾ തമ്മിലുള്ള വിവാഹം തടയുന്നതിനുള്ള ശ്രമമാണ്​ നടക്കുന്നത്​. വിവിധ മതങ്ങൾ തമ്മിലുള്ള ബന്ധങ്ങളെ ലക്ഷ്യമിടുന്നതിനും ഹിന്ദുക്കളല്ലാത്തവരെ ആക്രമിക്കാനും അറസ്റ്റുചെയ്യാനും ഇത്തരം നിയമങ്ങൾ കാരണമാകുന്നതായും റിപ്പോർട്ട്​ പറയുന്നു.

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ ഭേദഗതിയിലൂടെ സിവിൽ സമൂഹത്തെ കൂടുതൽ ഞെരുക്കുന്നതിനും മതസംഘടനകളെയും മതസ്വാതന്ത്ര്യത്തിനായി വാദിക്കുന്നവർ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളെയും അടച്ചുപൂട്ടാൻ ഇന്ത്യൻ സർക്കാർ നിർബന്ധിതരാക്കി. നിയമ ഭേദഗതി ബാധിച്ച അത്തരമൊരു സംഘടനയാണ് ആംനസ്റ്റി ഇന്‍റർനാഷനൽ. മതന്യൂനപക്ഷങ്ങളെ 'വിദ്വേഷകരമായ പ്രയോഗങ്ങൾകൊണ്ട്​' സർക്കാർ ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നതായും റിപ്പോർട്ടിൽ ആരോപിക്കുന്നു.


'തെറ്റായ വിവരങ്ങളും അസഹിഷ്ണുത നിറഞ്ഞ ഉള്ളടക്കവും പ്രചരിപ്പിക്കുന്നതിലൂടെ ഭീഷണിപ്പെടുത്തൽ, ആൾക്കൂട്ട ആക്രമണം എന്നിവയ്ക്ക് അധികൃതർ ധൈര്യം പകർന്നിട്ടുണ്ട്. ഇതിൽ പ്രധാനമായും ദലിതർ, മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ, ആദിവാസികൾ, മറ്റ് മത സമുദായങ്ങൾ എന്നിവർക്കെതിരായ നിരവധി അക്രമങ്ങൾ ഉൾപ്പെടുന്നു-റിപ്പോർട്ട് പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.