വാഷിങ്ടൺ: നയതന്ത്ര ചർച്ചകളുടെ ഫലമായി വെനിസ്വേലൻ ഉപരോധത്തിൽ അയവുവരുത്തി അമേരിക്ക. കാലിഫോർണിയ ആസ്ഥാനമായ ചെവ്റോൺ അടക്കം അമേരിക്കൻ കമ്പനികൾക്ക് ഭാഗികമായി വെനിസ്വേലയിൽ എണ്ണ ഉൽപാദനത്തിലും മറ്റു വാണിജ്യ ഇടപാടുകളിലും സഹകരിക്കാൻ അനുമതി ലഭിച്ചു. ധാരാളം എണ്ണ കരുതൽ ശേഖരമുള്ള വെനിസ്വേലക്ക് എണ്ണവിപണിയിൽ ചുവടുറപ്പിക്കാൻ ഇത് സഹായകമാകും. യു.എസ് മരവിപ്പിച്ച വിവിധ അക്കൗണ്ടുകളിൽ സാമ്പത്തിക ഇടപാടുകൾ പുനരാരംഭിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഉപരോധം പൂർണമായി അവസാനിപ്പിക്കാൻ സമയമെടുക്കും. ആറുമാസത്തേക്കാണ് ചെവ്റോൺ കമ്പനിക്ക് അനുമതി നൽകിയത്. സ്ഥിതി വിലയിരുത്തി പിന്നീട് നീട്ടിനൽകും.
മദൂറോ സർക്കാറും പ്രതിപക്ഷവും തമ്മിൽ നടത്തിയ ചർച്ചകളിലും ധാരണകളിലും അമേരിക്ക തൃപ്തി പ്രകടിപ്പിച്ചു. ജനാധിപത്യം പുനഃസ്ഥാപിക്കാൻ വെനിസ്വേലൻ ഭരണകൂടം നടത്തുന്ന ശ്രമങ്ങൾ സ്വാഗതാർഹമാണെന്ന് അമേരിക്ക പ്രതികരിച്ചു. നികളസ് മദൂറോ, ജോ ബൈഡൻ ഭരണകൂടങ്ങൾ ബന്ധം നന്നാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
പതിറ്റാണ്ടുകളായി യു.എസും വെനിസ്വേലയും നല്ല ബന്ധത്തിലായിരുന്നില്ല. യു.എസിനെ വെല്ലുവിളിച്ച മുൻ ഭരണാധികാരി ഊഗോ ചാവെസിന്റെ നയം തുടരുകയായിരുന്നു പിറകെ വന്ന നികളസ് മദൂറോയും. ഉപരോധം പുനഃപരിശോധിക്കുന്നതിന് പകരമായി രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും മാധ്യമസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും യു.എസും കാനഡയും യു.കെയും യൂറോപ്യൻ യൂനിയനും ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.