വാഷിങ്ടൺ ഡി.സി: സൈനിക സഹായങ്ങൾ നിർത്തിയതിനു പുറമെ യുക്രെയ്നുമായുള്ള രഹസ്യാന്വേഷണ വിവരം കൈമാറൽ അമേരിക്ക താൽക്കാലികമായി അവസാനിപ്പിച്ചു. കഴിഞ്ഞദിവസം യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയുമായി ചർച്ചക്കിടെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് കൊമ്പു കോർത്തതിനു പിന്നാലെയാണ് പുതിയ നീക്കം.
ഇത് റഷ്യക്കുള്ളിൽ ഫലപ്രദമായ ദീർഘദൂര ഡ്രോൺ ആക്രമണങ്ങൾ നടത്താനുള്ള യുക്രെയ്‌നിന്റെ കഴിവിനെ തടസ്സപ്പെടുത്തുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. റഷ്യയുടെ തന്ത്രപ്രധാനമായ ബോംബർ വിമാനങ്ങളുടെ ചലനങ്ങളും ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണങ്ങളും സംബന്ധിച്ച് വിവരം ലഭിക്കാത്തത് യുക്രെയ്നിനെ സമ്മർദത്തിലാക്കും.
എന്നാൽ, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടുന്നത് ഭാഗികമായി മാത്രമേ വെട്ടിക്കുറച്ചിട്ടുള്ളൂവെന്നും കൂടുതൽ വിശദാംശങ്ങൾ നൽകാൻ കഴിഞ്ഞില്ലെന്നും യു.എസ് ഉദ്യാഗസ്ഥരെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സമാധാന ചർച്ചകൾ പുരോഗമിക്കുകയാണെങ്കിൽ സൈനിക സഹായം, വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള രണ്ട് വിലക്കുകളും പിൻവലിക്കാൻ സാധ്യതയുണ്ടെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.