വാഷിങ്ടൺ: ഇസ്രായേലിനുള്ള യു.എസിന്റെ ആയുധ വിൽപന തടയാനുള്ള ബിൽ നിരാകരിച്ച് യു.എസ് സെനറ്റ്. 78 പേരും ബില്ലിനെ എതിർത്തപ്പോൾ 18 പേർ മാത്രമാണ് അനുകൂലിച്ചത്. പുരോഗമന ആശയമുള്ള ഡെമോക്രാറ്റിക് സെനറ്റർമാർ ബില്ലിനെ അനുകൂലിച്ചു. ഇതുമായി ബന്ധപ്പെട്ട രണ്ട് പ്രമേയങ്ങൾ കൂടി യു.എസ് സെനറ്റിൽ പരാജയപ്പെട്ടു.
സെനറ്റർ ബേണി സാൻഡേഴ്സാണ് ബിൽ കൊണ്ടുവന്നത്. ഇതാദ്യമായാണ് ഇസ്രായേലിനുള്ള ആയുധ വിൽപനയിൽ യു.എസിൽ സെനറ്റിൽ വോട്ടെടുപ്പ് നടക്കുന്നത്. സാൻഡേഴ്സിനെ കൂടാതെ പീറ്റർ വെൽച്ച്, ജെഫ് മെർക്ക്ലെ, ക്രിസ് വാൻ ഹോളൻ എന്നിവരും ബില്ലിനെ അനുകൂലിച്ചു.
അതേസമയം, ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന യു.എൻ പ്രമേയം യു.എസ് വീറ്റോ ചെയ്തതിരുന്നു. ഹമാസിനെ പിന്തുണക്കുന്നതാണ് പ്രമേയമെന്ന് ആരോപിച്ചാണ് യു.എസ് നടപടി. ഉപാധികളില്ലാതെ ഉടൻ വെടിനിർത്തൽ ഉണ്ടാവണമെന്ന് ആവശ്യപ്പെടുന്ന പ്രമേയമാണ് സെക്യൂരിറ്റി കൗൺസിലിൽ യു.എസ് വീറ്റോ ചെയ്തത്.
യു.എൻ രക്ഷാസമിതിയിൽ 15 അംഗങ്ങളിൽ 14 പേരും പ്രമേയത്തെ അനുകൂലിച്ചപ്പോൾ യു.എസ് വീറ്റോ ചെയ്തു. യു.എസ് വീറ്റോ ചെയ്തതിനാൽ പ്രമേയം പൊതുസഭയിൽ എത്തിയില്ല. പ്രമേയം സമാധാനത്തിലേക്കുള്ള പാതയല്ല തുറക്കുന്നതെന്ന് യു.എന്നിലെ ഇസ്രായേൽ അംബാസിഡർ ഡാനി ഡാനോൺ പറഞ്ഞു. കൂടുതൽ ദുരിതങ്ങൾക്കും രക്തച്ചൊരിച്ചലിനും കാരണമാകുന്നതാണ് പ്രമേയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.