ബെയ്ജിങ്: ചൈനയുമായുള്ള ബന്ധം മെച്ചപ്പെട്ടതായി ബെയ്ജിങ് സന്ദർശിച്ച യു.എസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലെൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ചൈനീസ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ച ഉൽപാദനക്ഷമമായിരുന്നു. യു.എസും ചൈനയും തമ്മിൽ നിരവധി വിഷയങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.
എന്നാൽ, സംഘട്ടനമല്ല, സഹകരണമാണ് അഭിവൃദ്ധിയിലേക്ക് നയിക്കുകയെന്ന് ഇരുരാജ്യങ്ങൾക്കും ബോധ്യമുണ്ട്. ചർച്ചകളിലൂടെ അഭിപ്രായവ്യത്യാസങ്ങൾ ലഘൂകരിക്കാൻ കഴിഞ്ഞു. ഇനിയും മുന്നോട്ടുപോകാൻ കഴിയുമെന്ന് അവർ കൂട്ടിച്ചേർത്തു. നാലുദിവസത്തെ ചൈനീസ് സന്ദർശനത്തിനുശേഷം ഞായറാഴ്ച അവർ മടങ്ങി. യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞ മാസം ബെയ്ജിങ് സന്ദർശിച്ചിരുന്നു. കാലാവസ്ഥ പ്രതിനിധി ജോൺ കെറി ഈമാസം ചൈന സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിലും നവംബറിൽ സാൻഫ്രാൻസിസ്കോയിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ സമ്മേളനത്തിലും യു.എസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തും. തായ്വാൻ, യു.എസ് ആകാശത്ത് പ്രത്യക്ഷപ്പെട്ട ചൈനീസ് ചാരബലൂൺ തുടങ്ങിയ വിഷയങ്ങളിൽ നേരത്തേ ഇരുരാജ്യങ്ങളും വാക്പ്പയറ്റ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.