നിക്കോളാസ് മഡുറോ

വെനസ്വേലയിൽ മഡുറോ മൂന്നാം തവണയും പ്രസിഡന്റ് പദത്തിലേക്ക്; ക്രമക്കേട് നടന്നെന്ന് പ്രതിപക്ഷം

കറാക്കസ്: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിക്കോളാസ് മഡുറോയെ വിജയിയായി പ്രഖ്യാപിച്ചു. മൂന്നാം തവണയാണ് മഡുറോ വെനസ്വേലൻ പ്രസിഡന്റ് പദത്തിലെത്തുന്നത്. മഡൂറോ 51 ശതമാനം വോട്ടും എതിർ സ്ഥാനാർഥി എഡ്മുണ്ടോ ഗോൺസാലസിൻ 44.02 ശതമാനം വോട്ടും നേടിയതായി ദേശീയ ഇലക്ടറൽ കൗൺസിൽ അറിയിച്ചു. അതേസമയം തെരഞ്ഞെടുപ്പിൽ വൻ ക്രമക്കേട് നടന്നതായി പ്രതിപക്ഷം ആരോപിച്ചു. ഗോൺസാലസിന് 70 ശതമാനം വോട്ട് ലഭിച്ചതായും അദ്ദേഹമാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതെന്നും അവർ അവകാശപ്പെട്ടു.

മഡുറോയുടെ തെരഞ്ഞെടുപ്പ് വിജയത്തിൽ സംശയം പ്രകടിപ്പിച്ച് യു.എസും ബ്രിട്ടനും ചിലിയും ഉൾപ്പെടെ വിവിധ രാജ്യങ്ങൾ രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്കയുണ്ടെന്നും വെനസ്വേലൻ ജനതയുടെ താൽപര്യമോ നിലപാടോ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നില്ലെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.

വെനസ്വേലൻ ജനതയുടെ നിലപാടും താൽപര്യവും വ്യക്തമാകാൻ ഫലം പൂർണമായി പുറത്തുവിടണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു. ഫലം വിശ്വസിക്കാൻ പ്രയാസമാണെന്നും പരിശോധിച്ചുറപ്പിക്കാൻ കഴിയാത്ത ഒരു ഫലവും അംഗീകരിക്കില്ലെന്നും ചിലി പ്രസിഡൻറ് ഗബ്രിയേൽ ബോറിക്കും പറഞ്ഞു.

അതേസമയം, രാജ്യത്തിന്റെ സമാധാനം തകർക്കാൻ ശത്രുക്കൾ ആദ്യമായല്ല രംഗത്തെത്തുന്നതെന്ന് തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കവേ മഡുറോ പറഞ്ഞു.

11 വർഷമായി അധികാരത്തിൽ തുടരുന്ന മഡുറോയെ തോൽപിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒരു സഖ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അനൗദ്യോഗിക എക്സിറ്റ് പോളുകൾ വിജയം പ്രവചിച്ചിരുന്നത് ഗോൺസാലസിനായിരുന്നു. ഗോൺസാലസിൻ ഞായറാഴ്ച വൈകീട്ട് വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. ഹ്യൂഗോ ഷാവേസിന്റെ മരണത്തിനു പിന്നാലെ 2013ലാണ് മഡുറോ ആദ്യമായി അധികാരത്തിലെത്തിയത്.

Tags:    
News Summary - Venezuela presidential election: Nicolas Maduro declared winner, oppn rejects results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.