ഇസ്ലാമാബാദ്: രാഷ്ട്രീയ കിടമത്സരങ്ങളും പകപ്പോക്കലും നിത്യസംഭവമായ പാകിസ്താനിൽ പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ചു വരെ നീളും. 90,582 പോളിങ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. 13 കോടി വോട്ടർമാരാണ് 16-ാമത് നാഷണൽ അസംബ്ലിയിലേക്ക് 266 എം.പിമാരെ തെരഞ്ഞെടുക്കുന്നത്. 134 സീറ്റാണ് കേവല ഭൂരിപക്ഷം.
167 അംഗീകൃത രാഷ്ട്രീയ പാർട്ടികളിലെ സ്ഥാനാർഥികളും സ്വതന്ത്രരുമായി പാർലമെന്റിലേക്ക് 5121 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇവരിൽ 4806 പേർ പുരുഷൻമാരും 312 പേർ വനിതകളും രണ്ട് പേർ ഭിന്നലിംഗത്തിൽപ്പെട്ടവരുമാണ്. ഏറ്റവും കൂടുതൽ യുവ വോട്ടർമാരുള്ളതും ഇത്തവണയാണ്. 6.9 കോടി പുരുഷ വോട്ടർമാരും 5.9 കോടി സ്ത്രീ വോട്ടർമാരുമാണുള്ളത്. 2018ൽ 51.9 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
പാർലമെന്റിലേക്കും പഞ്ചാബ്, സിന്ധ്, ബലൂചിസ്താൻ, ഖൈബർ പഖ്തൂൻഖ്വ എന്നീ നാല് പ്രവിശ്യ നിയമനിർമാണ സഭകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്ന പ്രവിശ്യകൾ. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് വിദേശത്ത് പ്രവാസത്തിൽ കഴിഞ്ഞ പാകിസ്താൻ മുസ്ലിം ലീഗിലെ നവാസ് ശരീഫും പാകിസ്താൻ പീപ്ൾസ് പാർട്ടി നേതാവും ബേനസീർ ഭുട്ടോയുടെ മകനുമായ ബിലാവൽ ഭൂട്ടോ സർദാരിയും തമ്മിലാണ് പ്രധാന മത്സരം.
മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടിക്ക് ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. അതിനാൽ, സ്വതന്ത്രരായാണ് പാർട്ടി സ്ഥാനാർഥികൾ മത്സരിക്കുന്നത്. മൂന്ന് വ്യത്യസ്ത കേസുകളിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഇംറാൻ ഖാൻ മത്സര രംഗത്തില്ല.
കടുത്ത രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴാണ് പാകിസ്താൻ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പണപ്പെരുപ്പം 30 ശതമാനത്തോളമാണ്. രണ്ട് വർഷത്തിനിടെ കറൻസിയുടെ മൂല്യം പകുതിയായി കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.