വാഷിങ്ടൺ ഡി.സി: യു.എസ് തലസ്ഥാനമായ വാഷിങ്ടൺ ഡി.സിയിലെ റൊണാൾഡ് റീഗൻ വിമാനത്താവളത്തിന് സമീപം യാത്രാ വിമാനം സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ച് നദിയിലേക്ക് തകർന്നുവീണ സംഭവത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. പൊട്ടോമാക് നദിയിൽ നിന്ന് 18 മൃതദേഹങ്ങൾ കണ്ടെത്തിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. രാത്രിയിൽ നദിയിലെ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരിക്കുകയാണ്.
300ലേറെ പേരടങ്ങുന്ന സംഘമാണ് പൊട്ടോമാക് നദിയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. എഫ്.ബി.ഐയുടെ മുങ്ങൽവിദഗ്ധരും രക്ഷാപ്രവർത്തനത്തിനെത്തി. ആരെങ്കിലും ജീവനോടെ അവശേഷിക്കുന്നുണ്ടോയെന്ന കാര്യം ഇപ്പോൾ പറയാനാവില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
കൻസാസിലെ വിചിതയിൽ നിന്ന് പുറപ്പെട്ട അമേരിക്കൻ എയർലൈൻസിന്‍റെ പി.എസ്.എ വിമാനമാണ് അപകടത്തിൽപെട്ടത്. 60 യാത്രക്കാരും നാല് ജീവനക്കാരുമുണ്ടായിരുന്ന വിമാനം ലാൻഡിങ്ങിനൊരുങ്ങവേയാണ് അപകടത്തിൽപെട്ടത്. യു.എസ് ആർമിയുടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറാണ് കൂട്ടിയിടിയിൽപെട്ടതെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഹെലികോപ്ടറിൽ മൂന്ന് സൈനികരാണുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് എയർപോർട്ട് പ്രവർത്തനം വെള്ളിയാഴ്ച വരെ നിർത്തി.
നദിയിലെ രക്ഷാപ്രവർത്തനം പൂർത്തിയാകാൻ ചിലപ്പോൾ ദിവസങ്ങളെടുത്തേക്കാമെന്ന് വാഷിങ്ടൺ ഡി.സി ഫയർഫോഴ്സ് മേധാവി പറഞ്ഞു. നദിയിലെ ഒഴുക്കും വെള്ളത്തിന്‍റെ തണുപ്പും രക്ഷാപ്രവർത്തനം വെല്ലുവിളിനിറഞ്ഞതാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.