ലണ്ടൻ: റഷ്യൻ സ്ഥാപനങ്ങളുമായുള്ള എല്ലാതരത്തിലുമുള്ള ഇടപാടുകളും മരവിപ്പിച്ചതായി ലോക സാമ്പത്തിക ഫോറം അറിയിച്ചു. ഉപരോധ പട്ടികയിലുള്ളവരെ ദാവോസിൽ നടക്കുന്ന ഫോറത്തിന്‍റെ വാർഷിക യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. യുക്രെയ്നിൽ റഷ്യ നടത്തുന്ന അധിനിവേശത്തിനുള്ള തിരിച്ചടിയായാണ് നടപടി.
അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും റഷ്യക്കെതിരെ കടുത്ത ഉപരോധ നടപടികളാണ് സ്വീകരിക്കുന്നത്. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അമേരിക്ക പൂർണമായി നിരോധിച്ചിരുന്നു. ബ്രിട്ടനും ഘട്ടംഘട്ടമായി നിരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യുക്രെയ്നിൽ റഷ്യ നടത്തുന്ന ആക്രമണത്തെ അപലപിച്ച സാമ്പത്തിക ഫോറം, അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കുന്ന ഉപരോധ നടപടികൾക്കൊപ്പം നിൽക്കുകയാണെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം, യുക്രെയ്ന് യുദ്ധവിമാനങ്ങൾ വിതരണം ചെയ്യുന്നതിന് നാറ്റോ രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് പോളണ്ട് പ്രധാനമന്ത്രി ആവശ്യപ്പട്ടു. നേരത്തെ, യുക്രെയ്ന് മിഗ്-25 യുദ്ധവിമാനങ്ങൾ നൽകാനുള്ള പോളണ്ടിന്‍റെ തീരുമാനത്തിനെതിരെ അമേരിക്ക രംഗത്തുവന്നിരുന്നു. നീക്കം നാറ്റോ സഖ്യത്തിന് കടുത്ത ആശങ്കയുണ്ടാക്കുന്ന നടപടിയാണെന്നായിരുന്നു അമേരിക്കയുടെ നിലപാട്. പിന്നാലെ യുക്രെയ്ന് യുദ്ധവിമാനങ്ങൽ നൽകില്ലെന്ന് ജർമനിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.